സ്വന്തം വീട്ടിൽ ‘കള്ളനായി’ വീട്ടുടമ; ഏഴു പവൻ മോഷ്ടിച്ച് പോലീസിനെ വിളിച്ചു വരുത്തി, ഒടുവിൽ പിടിയിൽ

സ്വന്തം വീട്ടിൽ ‘കള്ളനായി’ വീട്ടുടമ; ഏഴു പവൻ മോഷ്ടിച്ച് പോലീസിനെ വിളിച്ചു വരുത്തി, ഒടുവിൽ പിടിയിൽ

വിഴിഞ്ഞം: സ്വന്തം വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച ശേഷം പോലീസിനെ വിളിച്ച് പരാതി നൽകിയ വീട്ടുടമ പിടിയിലായി. വെങ്ങാനൂർ സ്വദേശി മനോജിനെയാണ് (33) വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. ഏഴു പവൻ സ്വർണവും 15,000 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്.

തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. അലമാരയിൽ ഇരുന്ന പണവും സ്വർണവും എടുത്ത ശേഷം മോഷണം നടന്നുവെന്ന് വരുത്തിത്തീർക്കാൻ മനോജ് വീടിന്റെ പിൻവാതിൽ തുറന്നിട്ടു. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ജനൽ കമ്പികൾ മുറിച്ചുമാറ്റുകയും ചെയ്തു. ഇതിനുശേഷം ഒന്നുമറിയാത്ത ഭാവത്തിൽ ഓട്ടോറിക്ഷ ഓടിക്കാൻ പോയ ഇയാൾ, മീൻ വിൽപ്പന കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭാര്യയെയും കൂട്ടി വീട്ടിലെത്തി മോഷണം നടന്നതായി അഭിനയിച്ച് ബഹളം വയ്ക്കുകയായിരുന്നു.

Also Read: പ്രണയനൈരാശ്യം സങ്കടമായി, ദേഷ്യം തീർത്തത് വന്ദേഭാരതിനോട്; 18-കാരൻ പിടിയിൽ

വിഴിഞ്ഞം എസ്.എച്ച്.ഒ വി.ഡി. രെജി രാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് മനോജിന്റെ കള്ളക്കളി വെളിപ്പെട്ടത്. ജനൽ കമ്പി മുറിച്ചപ്പോൾ ശരീരത്തിൽ വീണ ലോഹപ്പൊടിയും കട്ടർ ഉപയോഗിച്ചപ്പോൾ കൈകളിലുണ്ടായ ചെറിയ പൊള്ളലുമാണ് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. മനോജിനെയും ഒരു ബന്ധുവിനെയും സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. അലമാരയിൽ തന്നെ ഒളിപ്പിച്ചുവെച്ച നിലയിൽ സ്വർണവും പണവും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

The post സ്വന്തം വീട്ടിൽ ‘കള്ളനായി’ വീട്ടുടമ; ഏഴു പവൻ മോഷ്ടിച്ച് പോലീസിനെ വിളിച്ചു വരുത്തി, ഒടുവിൽ പിടിയിൽ appeared first on Express Kerala.

Spread the love
Scroll to Top