
ടാറ്റയുടെ ഐതിഹാസിക മോഡലായ സിയേറയുടെ പുത്തൻ പതിപ്പ് സുരക്ഷാ പരിശോധനയിൽ മിന്നും വിജയം കൈവരിച്ചിരിക്കുകയാണ്. ഇന്ത്യയുടെ സ്വന്തം ഇടിപരീക്ഷയായ ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയാണ് സിയേറ കരുത്ത് തെളിയിച്ചത്. മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 32-ൽ 31.14 പോയിന്റും കുട്ടികളുടെ സംരക്ഷണത്തിൽ 49-ൽ 44.73 പോയിന്റും നേടിയ ഈ എസ്.യു.വി, സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഒരിക്കൽ കൂടി ഉറപ്പിച്ചു. അക്കോംപ്ലിഷ്ഡ്+, അഡ്വഞ്ചർ+ എന്നീ ഡീസൽ വേരിയന്റുകളിലാണ് പ്രധാനമായും പരീക്ഷണം നടത്തിയത് എങ്കിലും ഈ റേറ്റിംഗ് സിയേറയുടെ എല്ലാ മോഡലുകൾക്കും ബാധകമായിരിക്കും.
യാത്രക്കാരുടെ സുരക്ഷയ്ക്കായി അത്യാധുനിക സജ്ജീകരണങ്ങളാണ് വാഹനത്തിൽ ഒരുക്കിയിട്ടുള്ളത്. ആറ് എയർബാഗുകൾ, റിയർ പാർക്കിങ് സെൻസറുകൾ, ട്രാക്ഷൻ കൺട്രോൾ, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ എന്നിവയ്ക്ക് പുറമെ ഉയർന്ന മോഡലുകളിൽ ലെവൽ 2 ആഡാസ് (ADAS), 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ തുടങ്ങിയ സാങ്കേതിക വിദ്യകളും ലഭ്യമാണ്. കരുത്തുറ്റ എൻജിൻ ഓപ്ഷനുകളാണ് സിയേറയുടെ മറ്റൊരു പ്രത്യേകത. 158 bhp കരുത്തുള്ള 1.5 ലിറ്റർ GDi ടർബോ പെട്രോൾ എൻജിൻ, 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിൻ, 116 bhp കരുത്തുള്ള 1.5 ലിറ്റർ ഡീസൽ എൻജിൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വാഹനം സ്വന്തമാക്കാം.
Also Read:15 മിനിറ്റ് ചാർജ് ചെയ്താൽ 670 കിലോമീറ്റർ ഓടും! ഷവോമി SU7 പുതിയ അവതാരത്തിൽ
വിപണിയിൽ 11.49 ലക്ഷം രൂപ മുതൽ 21.29 ലക്ഷം രൂപ വരെയാണ് സിയേറയുടെ വില കണക്കാക്കുന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ തുടങ്ങിയ വമ്പൻമാരുമായാണ് സിയേറ പ്രധാനമായും മത്സരിക്കുന്നത്. മികച്ച സുരക്ഷാ റേറ്റിംഗ് ലഭിച്ചതോടെ വിപണിയിൽ എതിരാളികളെക്കാൾ വലിയൊരു മുന്നേറ്റം നടത്താൻ ടാറ്റ സിയേറയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
The post സുരക്ഷയുടെ ‘ഗോഡ്ഫാദർ’; ടാറ്റ സിയേറയ്ക്ക് ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ്! appeared first on Express Kerala.




