
ഈദുൽ ഫിത്തർ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ അഫ്ഗാൻ താലിബാനെതിരെയുള്ള സൈനിക നടപടികൾ പാകിസ്ഥാൻ താൽക്കാലികമായി നിർത്തിവെച്ചു. ഇസ്‌ലാമിക രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്ന് പാക് മന്ത്രി അത്തൗള്ള തരാർ അറിയിച്ചു. മാർച്ച് 23 അർധരാത്രി വരെയാണ് ഈ വെടിനിർത്തൽ പ്രാബല്യത്തിലുണ്ടാകുക.
അതിർത്തി കടന്നുള്ള ആക്രമണങ്ങളോ ഡ്രോൺ ആക്രമണങ്ങളോ ഉണ്ടായാൽ നിർത്തിവെച്ച ‘ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്’ ഉടനടി പുനരാരംഭിക്കുമെന്നും പാകിസ്ഥാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെ, കാബൂളിലെ ലഹരിവിമുക്ത കേന്ദ്രത്തിന് നേരെ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 400-ലധികം പേർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ ആരോപിച്ചു. എന്നാൽ, ഭീകര കേന്ദ്രങ്ങളെയും സൈനിക പോസ്റ്റുകളെയും മാത്രമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് പറഞ്ഞ് പാക്കിസ്ഥാൻ ഈ ആരോപണം നിഷേധിച്ചു.
Also Read:ആണവായുധം വെറും പുകമറ! അമേരിക്കയെ യുദ്ധത്തിലേക്ക് തള്ളിയിട്ടത് നെതന്യാഹു; ജോസഫ് കെന്റ്
ഫെബ്രുവരി അവസാനത്തോടെയാണ് അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായത്. പ്രകോപനമില്ലാതെ അഫ്ഗാൻ താലിബാൻ വെടിയുതിർത്തതാണ് സൈനിക നടപടിയിലേക്ക് നയിച്ചതെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്. അമേരിക്ക-ഇറാൻ സംഘർഷങ്ങൾ നിലനിൽക്കുന്ന മേഖലയിൽ പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തിയിലെ ഈ അസ്വസ്ഥതകൾ വലിയ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post അഫ്ഗാൻ അതിർത്തിയിൽ തോക്കുകൾക്ക് വിശ്രമം; പാകിസ്ഥാൻ സൈനിക നടപടി നിർത്തിവെച്ചു, പക്ഷേ മുന്നറിയിപ്പുമായി മന്ത്രി appeared first on Express Kerala.




