വി. അബ്ദുറഹിമാൻ തിരൂരിലേക്ക്; താനൂർ വിട്ട് മണ്ഡലം മാറാൻ ഒരുങ്ങി മന്ത്രി

വി. അബ്ദുറഹിമാൻ തിരൂരിലേക്ക്; താനൂർ വിട്ട് മണ്ഡലം മാറാൻ ഒരുങ്ങി മന്ത്രി

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ രാഷ്ട്രീയ തട്ടകം താനൂരിൽ നിന്നും തിരൂരിലേക്ക് മാറ്റുമെന്ന സൂചന നൽകി മന്ത്രി വി. അബ്ദുറഹിമാൻ. തിരൂർ മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുകയും പ്രദേശത്തിന്റെ സമഗ്ര വികസനവുമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ഒരു തിരൂരുകാരൻ എന്ന നിലയിൽ തന്റെ നാടിനെ പുരോഗതിയിലേക്ക് നയിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വി. അബ്ദുറഹിമാൻ പറഞ്ഞു. തിരൂരിനെ മാറ്റിയെടുക്കണം, അതിനുള്ള ശ്രമങ്ങളാണ് എന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങളായി വികസന മുരടിപ്പ് നേരിടുന്ന തിരൂരിനെ കാലത്തിനൊപ്പം എത്തിക്കുക എന്നതാണ് പുതിയ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം.

Also Read: സ്ഥാനാർത്ഥിത്വമില്ലെങ്കിലും ട്വന്റി 20ക്കൊപ്പം ഉറച്ച് വീണ നായർ; വോട്ടർ പട്ടികയിലെ പിഴവിൽ വിശദീകരണവുമായി താരം

കഴിഞ്ഞ കാലയളവിൽ താനൂരിൽ വലിയ വികസന വിപ്ലവം കൊണ്ടുവരാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു. ഏറ്റവും പിന്നാക്കം നിന്നിരുന്ന താനൂരിനെ ആധുനിക സൗകര്യങ്ങളുള്ള മണ്ഡലമാക്കി മാറ്റി. താനൂർ ഇപ്പോൾ ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ണാണ്. താനൂരിൽ എൽ.ഡി.എഫ് പ്രതിനിധിയായി ആര് മത്സരിച്ചാലും വിജയം സുനിശ്ചിതമാണെന്നും വി. അബ്ദുറഹിമാൻ വ്യക്തമാക്കി.

നേരത്തെ തന്നെ താനൂരിൽ മത്സരിക്കാൻ താല്പര്യമില്ലെന്ന് അബ്ദുറഹിമാൻ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ സ്ഥാനാർത്ഥി പട്ടികയിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടായതിനെത്തുടർന്ന് അദ്ദേഹം പ്രചാരണങ്ങളിൽ നിന്നും വിട്ടുനിന്നിരുന്നു. ഇന്ന് മലപ്പുറത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മണ്ഡലം മാറ്റം സംബന്ധിച്ച കൂടുതൽ വ്യക്തത പുറത്തുവന്നത്. പെരുന്നാളിന് ശേഷം താൻ സജീവമായി പ്രചാരണ രംഗത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

The post വി. അബ്ദുറഹിമാൻ തിരൂരിലേക്ക്; താനൂർ വിട്ട് മണ്ഡലം മാറാൻ ഒരുങ്ങി മന്ത്രി appeared first on Express Kerala.

Spread the love
Scroll to Top