
കഴിഞ്ഞ രണ്ടുദിവസമായി കോൺഗ്രസിനെ പിടിച്ചുലച്ച സ്ഥാനാർത്ഥി തർക്കങ്ങൾക്കൊടുവിൽ പാർട്ടി നേതൃത്വത്തിന് വഴങ്ങി മുതിർന്ന നേതാവ് കെ. സുധാകരൻ. താൻ എന്നും പാർട്ടിക്ക് വിധേയനായിരിക്കുമെന്നും കോൺഗ്രസ് വിട്ടുപോകില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂർ സീറ്റിനെച്ചൊല്ലിയുള്ള കടുത്ത അനിശ്ചിതത്വങ്ങൾക്കിടെയാണ് സുധാകരന്റെ ഈ പിൻവാങ്ങൽ.
“പാർട്ടി എത്രയോ വലുതാണ്, ഞാൻ എത്രയോ ചെറുതാണ്. പാർട്ടിയെ വെല്ലുവിളിക്കാനില്ല. സ്വതന്ത്രനായി മത്സരിക്കുകയുമില്ല. പാർട്ടിയുടെ അംഗീകാരം ഉണ്ടെങ്കിൽ മാത്രം മത്സരിക്കും,” സുധാകരൻ വ്യക്തമാക്കി. സ്ഥാനാർത്ഥിത്വം നിഷേധിച്ചാലും പാർട്ടിയിൽ തുടർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: സുധാകരന്റെ വാശിക്ക് മുന്നിൽ വഴങ്ങാതെ ഹൈക്കമാൻഡ്; കെ സുധാകരന് സീറ്റില്ല!
നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് വേണമെന്ന സുധാകരന്റെ ആവശ്യവും, എംപിമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡിന്റെ നിലപാടും തമ്മിലുണ്ടായ തർക്കമാണ് ഇതോടെ അവസാനിക്കുന്നത്. തനിക്ക് അനുകൂലമായി വൻ പ്രതിഷേധങ്ങൾ കണ്ണൂരിൽ നടന്നുവെങ്കിലും പാർട്ടിയുടെ അച്ചടക്കം പാലിക്കാനാണ് തീരുമാനമെന്ന് സുധാകരൻ അറിയിച്ചു. ഹൈക്കമാൻഡ് വഴങ്ങിയെന്ന തരത്തിലുള്ള മുൻ റിപ്പോർട്ടുകളെ തള്ളിക്കൊണ്ടാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പൊതുപ്രവർത്തനത്തിന്റെ ഭാഗമായി തനിക്ക് എല്ലായിടത്തും ആളുകളുണ്ടെന്നും അത് പാർട്ടിക്കെതിരെ ഉപയോഗിക്കാനല്ലെന്നും സുധാകരൻ പറഞ്ഞു.
The post ‘സ്വതന്ത്രനായി മത്സരിക്കില്ല, പാർട്ടിയാണ് വലുത്’; കോൺഗ്രസിൽ തന്നെ തുടരും: കെ. സുധാകരൻ appeared first on Express Kerala.



