പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായി സമാധാന കരാറിന് ശ്രമിക്കുന്നതായി റിപ്പോർട്ട്. എന്നാൽ, അമേരിക്ക മുന്നോട്ടുവെക്കുന്ന കർശനമായ നിബന്ധനകൾ ഇറാൻ അംഗീകരിക്കാൻ സാധ്യതയില്ലെന്ന് മുതിർന്ന ഇസ്രയേൽ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് താൽപ്പര്യപ്പെടുന്നുണ്ടെങ്കിലും ആവശ്യങ്ങൾ ഇറാൻ അംഗീകരിക്കില്ലെന്നാണ് ഇസ്രയേലിന്റെ വിലയിരുത്തൽ. ഇറാന്റെ ആണവ ഗവേഷണങ്ങൾ പൂർണ്ണമായും പരിമിതപ്പെടുത്തണം. ബാലിസ്റ്റിക് മിസൈലുകളുടെ നിർമ്മാണത്തിലും പരീക്ഷണത്തിലും നിയന്ത്രണം വേണം എന്നിവയാണ് ആവശ്യങ്ങൾ. ട്രംപ് സോഷ്യൽ മീഡിയയിലൂടെ ചർച്ചകൾ ‘ഫലപ്രദമാണെന്ന്’ അവകാശപ്പെട്ടെങ്കിലും, ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് ഇത് തള്ളിക്കളഞ്ഞു. വിപണികളെ സ്വാധീനിക്കാനുള്ള ‘മനഃശാസ്ത്രപരമായ നീക്കം’ മാത്രമാണിതെന്ന് ഇറാൻ ആരോപിക്കുന്നു.
നേരിട്ടുള്ള ചർച്ചകൾ ഇരുപക്ഷവും നിഷേധിക്കുമ്പോഴും തിരശ്ശീലയ്ക്ക് പിന്നിൽ നയതന്ത്ര നീക്കങ്ങൾ സജീവമാണ്. സമാധാന ചർച്ചകൾക്ക് വേദിയാകാൻ പാകിസ്താൻ സന്നദ്ധത അറിയിച്ചു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ളവർ ഇസ്ലാമാബാദിൽ ഇറാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഒമാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ വഴി സന്ദേശങ്ങൾ കൈമാറുന്നതായും സൂചനയുണ്ട്. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി ഒമാനുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു.
ഫെബ്രുവരി 28-ന് ഇറാനെതിരെ സംയുക്ത സൈനികാക്രമണം തുടങ്ങിയതോടെ ചർച്ചകൾക്കുള്ള വഴി അടഞ്ഞുവെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. എന്നാൽ, സൈനിക നേട്ടങ്ങൾ ഉപയോഗിച്ച് ഇസ്രയേലിന് അനുകൂലമായ കരാർ ഉറപ്പാക്കാമെന്നാണ് നെതന്യാഹുവിന്റെ കണക്കുകൂട്ടൽ. അമേരിക്കയും ഇസ്രയേലും നേരിടുന്ന ആഭ്യന്തര സമ്മർദ്ദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് പറഞ്ഞു.
The post പശ്ചിമേഷ്യയിൽ സമാധാന നീക്കവുമായി ട്രംപ്; വഴങ്ങാതെ ഇറാൻ, സമാധാന കരാർ പ്രതിസന്ധിയിൽ! appeared first on Express Kerala.



