
ശബരിമല കൊടിമര പുനർനിർമ്മാണത്തിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ കേസെടുക്കാൻ ആവശ്യമായ തെളിവുകളില്ലെന്ന് വിജിലൻസ്. ഇത് സംബന്ധിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിക്ക് കൈമാറും. കൊടിമര നിർമ്മാണത്തിനായി ആകെ 412 ഗ്രാം സ്വർണമാണ് സംഭാവനയായി ലഭിച്ചതെന്നും ഈ സ്വർണം മുഴുവൻ വാചിവാഹനൻ, അഷ്ടദിക് പാലകർ എന്നിവരുടെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്വർണം സ്വീകരിച്ചതിന് കൃത്യമായ ദേവസ്വം രസീതുകൾ നൽകിയിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.
സംഭാവന നൽകിയ പ്രമുഖ നടന്മാർ ഉൾപ്പെടെ 23 പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയിട്ടുണ്ട്. മോഹൻലാൽ, സുരേഷ് ഗോപി, പ്രിയദർശൻ, രഞ്ജി പണിക്കർ, ഷാജി കൈലാസ് തുടങ്ങി 27 പേരാണ് പുനർനിർമ്മാണത്തിനായി സ്വർണം നൽകിയത്. ഇതിൽ നാല് പേരുടെ വിശദാംശങ്ങൾ കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസ് കോടതിയെ അറിയിക്കും. എ.എസ്.പി കുറുപ്പിന്റെ നേതൃത്വത്തിലാണ് സംഭാവനയായി ലഭിച്ച സ്വർണം സ്വീകരിച്ചതെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതോടെ കൊടിമര വിവാദത്തിൽ നിയമപരമായ തുടർനടപടികൾ ഒഴിവാകാനാണ് സാധ്യത.
The post ശബരിമല കൊടിമര പുനർനിർമ്മാണം! ക്രമക്കേടില്ലെന്ന് വിജിലൻസ് appeared first on Express Kerala.



