
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ‘ഡീൽ’ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി ഒരു അഖിലേന്ത്യ നേതാവാണെങ്കിലും അദ്ദേഹത്തിന് ഒരു പ്രാദേശിക നേതാവിൻ്റെ ധാരണ പോലുമില്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. കണ്ടാലും കൊണ്ടാലും പഠിക്കാത്ത സ്വഭാവമാണ് അദ്ദേഹത്തിന്റേതെന്നും ഒരു ആരോപണവും നേരെ ചൊവ്വേ മനസ്സിലാക്കാൻ രാഹുലിന് കഴിയുന്നില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എത്രത്തോളം അധഃപതിക്കുന്നു എന്ന് മനസ്സിലാക്കാൻ പോലുമാകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഡൽഹിയിലും ഹരിയാനയിലും കോൺഗ്രസ് സ്വീകരിച്ച നിലപാടുകൾ ബിജെപിയെ സഹായിക്കുന്നതായിരുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെജ്‌രിവാളിന്റെ അറസ്റ്റ് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയാണെന്നും എന്നാൽ പിന്നീട് അദ്ദേഹം കുറ്റവിമുക്തനായപ്പോൾ ഉണ്ടായ മാറ്റങ്ങൾ എല്ലാവരും കണ്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആം ആദ്മി പാർട്ടിക്കെതിരെ കോൺഗ്രസ് സ്വീകരിച്ച നിലപാട് ഡൽഹിയിൽ ബിജെപിക്ക് ഗുണകരമായി. ഹരിയാനയിലും ബിജെപിയെ നേരിടാൻ ബിജെപി ഇതര കൂട്ടായ്മകൾ രൂപീകരിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. അവിടെയും ബിജെപിയുടെ ബി ടീമായാണ് കോൺഗ്രസ് പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു. സിപിഎം എന്നും ബിജെപിക്കെതിരെ അതിശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് കോടതി
കഴിഞ്ഞ പത്ത് വർഷമായി വാഗ്ദാനങ്ങളല്ല, നടപ്പിലാക്കിയ പദ്ധതികളാണ് ജനങ്ങളുടെ മുന്നിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നഗര വികസനത്തിനായി പ്രത്യേക നയം രൂപീകരിച്ചതും കൊച്ചി മെട്രോ കാക്കനാട് പാത പോലുള്ള പദ്ധതികൾ ആവിഷ്കരിച്ചതും വരുംതലമുറയുടെ സന്തോഷകരമായ ജീവിതം മുൻനിർത്തിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വേനൽച്ചൂടിനെ ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഉച്ചസമയത്ത് നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം നൽകാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം വരെയുള്ള സമയം ജാഗ്രത പാലിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള വിമർശനങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന നിലപാട് ശരിയല്ലെന്നും അന്വേഷണ വിവരങ്ങൾ സുതാര്യമായി പുറത്തുവിടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
The post രാഹുൽ ഗാന്ധിക്ക് പ്രാദേശിക നേതാവിൻ്റെ ധാരണ പോലുമില്ല; കോൺഗ്രസ് ബിജെപിയുടെ ബി ടീമെന്ന് മുഖ്യമന്ത്രി appeared first on Express Kerala.



