
രശ്മിക മന്ദാനയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത ‘ദി ഗേൾഫ്രണ്ട്’ എന്ന ചിത്രത്തിലെ വികാരാധീനമായ ഒരു ഷൂട്ടിംഗ് അനുഭവത്തെക്കുറിച്ച് സംവിധായകൻ മനസുതുറക്കുന്നു. ചിത്രത്തിലെ മികച്ച പ്രകടനത്തിന് രശ്മികയ്ക്ക് മികച്ച നടിക്കുള്ള തെലങ്കാന സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു. സിനിമയിലെ അതീവ ഗൗരവകരമായ ഒരു രംഗം ചിത്രീകരിച്ചതിനെ തുടർന്ന് രശ്മികയ്ക്ക് തന്റെ സങ്കടം നിയന്ത്രിക്കാനായില്ലെന്നും ഏകദേശം 20 മിനിറ്റോളം നടി മുറിക്കുള്ളിലിരുന്ന് പൊട്ടിക്കരഞ്ഞുവെന്നുമാണ് രാഹുൽ രവീന്ദ്രൻ വെളിപ്പെടുത്തിയത്. ആ നിമിഷം രശ്മിക കാഴ്ചവെച്ചത് വെറുമൊരു അഭിനയമായിരുന്നില്ലെന്നും അവരുടെ ഉള്ളിലെ യഥാർത്ഥ വേദനയായിരുന്നു പുറത്തുവന്നതെന്നും സംവിധായകൻ ഓർക്കുന്നു.
ഹോസ്റ്റൽ മുറിയുടെ വാതിലിൽ നായികയെക്കുറിച്ച് എഴുതിവെച്ചിരിക്കുന്ന അശ്ലീല പരാമർശങ്ങൾ കണ്ട് നടി തകരുന്നതായിരുന്നു ആ രംഗം. ഷൂട്ടിംഗിന് മുൻപ് രശ്മികയോട് ആ വാതിലിലെ എഴുത്തുകൾ കാണരുതെന്ന് രാഹുൽ നിർദ്ദേശിച്ചിരുന്നു. ജീവിതത്തിൽ നേരിടേണ്ടി വന്ന കടുത്ത സൈബർ ആക്രമണങ്ങളെക്കുറിച്ചും, എന്തിനാണ് തന്നെ ഇത്രമാത്രം വേദനിപ്പിക്കുന്നത് എന്ന് തോന്നിപ്പോയ നിമിഷങ്ങളെക്കുറിച്ചും ചിന്തിച്ച് ഷോട്ടിലേക്ക് വരാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ആക്ഷൻ പറഞ്ഞതോടെ വാതിലിന് മുന്നിലെത്തിയ രശ്മിക അവിടെ കണ്ട കാഴ്ചകളോട് വൈകാരികമായാണ് പ്രതികരിച്ചത്. ഷോട്ട് കഴിഞ്ഞ് മുറിക്കുള്ളിലേക്ക് പോയ രശ്മിക നിലവിളിച്ചു കരയുകയായിരുന്നുവെന്നും ആ കരച്ചിൽ നിർത്താൻ ഏറെ സമയമെടുത്തുവെന്നും രാഹുൽ പറഞ്ഞു.
Also Read:‘വലതുവശത്തെ കള്ളൻ’ ഒടിടിയിലേക്ക്! സ്ട്രീമിംഗ് ഉടൻ
സോഷ്യൽ മീഡിയയിൽ നിന്നടക്കം രശ്മിക നേരിട്ട ക്രൂരമായ സൈബർ ആക്രമണങ്ങൾ അവരെ എത്രത്തോളം ആഴത്തിൽ വേദനിപ്പിച്ചിട്ടുണ്ടെന്ന് ആ നിമിഷം തനിക്ക് ബോധ്യപ്പെട്ടുവെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു. ‘ചി ലാ സൗ’, ‘മന്മധുഡു 2’ എന്നീ ചിത്രങ്ങൾക്ക് ശേഷം രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വിദ്യ കോപ്പിനീടിയും ധീരജ് മൊഗിലൈനേനിയും ചേർന്നാണ്. ദീക്ഷിത് ഷെട്ടി, റാവു രമേശ്, രോഹിണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ‘ഹായ് നാനാ’, ‘ഖുഷി’ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഹിഷാം അബ്ദുൾ വഹാബ് സംഗീതം നിർവ്വഹിക്കുന്ന ബിഗ് ബജറ്റ് തെലുങ്ക് ചിത്രം കൂടിയാണിത്.
The post ഷൂട്ടിംഗിനിടെ പൊട്ടിക്കരഞ്ഞ് രശ്മിക; ‘ദി ഗേൾഫ്രണ്ട്’ സെറ്റിലെ വൈകാരിക നിമിഷം വെളിപ്പെടുത്തി സംവിധായകൻ! appeared first on Express Kerala.



