ചരിത്രം തിരുത്തി സാറാ മുല്ലള്ളി; ആംഗ്ലിക്കൻ സഭയുടെ ആദ്യ വനിതാ പരമാധ്യക്ഷയായി അഭിഷിക്തയായി

ചരിത്രം തിരുത്തി സാറാ മുല്ലള്ളി; ആംഗ്ലിക്കൻ സഭയുടെ ആദ്യ വനിതാ പരമാധ്യക്ഷയായി അഭിഷിക്തയായി

ണ്ടനിലെ കാന്റർബറി കത്തീഡ്രലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സാറാ മുല്ലള്ളി കാന്റർബറി ആർച്ച് ബിഷപ്പായി ഔദ്യോഗികമായി അഭിഷിക്തയായി. ആംഗ്ലിക്കൻ സഭയുടെ 1400 വർഷത്തെ നീണ്ട ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത സഭയുടെ പരമാധ്യക്ഷ പദവിയിൽ എത്തുന്നത്. ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളായ വില്യം രാജകുമാരൻ, കാതറീൻ രാജകുമാരി, പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ എന്നിവർക്കൊപ്പം വത്തിക്കാനിൽ നിന്നുള്ള മാർപാപ്പയുടെ പ്രതിനിധിയും ഓർത്തഡോക്സ് സഭയുടെ പ്രതിനിധികളും ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ബ്രിട്ടീഷ് രാജാവിനെയും രാജ്ഞിയെയും വാഴിക്കാൻ അധികാരമുള്ള ഈ ഉന്നത പദവി ജനുവരി മുതൽ സാറ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക ചടങ്ങുകൾ പൂർത്തിയായത്.

സേവനത്തിന്റെയും ആത്മീയതയുടെയും സമാനതകളില്ലാത്ത വഴികളിലൂടെയാണ് സാറാ മുല്ലള്ളി ഈ സ്ഥാനത്തേക്ക് എത്തിയത്. തന്റെ 37-ാം വയസ്സുവരെ അർബുദരോഗികളെ പരിചരിക്കുന്ന നഴ്സായി ജോലി ചെയ്തിരുന്ന അവർ, നാൽപ്പതാം വയസ്സിലാണ് പുരോഹിത പദവി സ്വീകരിച്ചത്. ശുശ്രൂഷാ രംഗത്തെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് 63-ാം വയസ്സിൽ പത്ത് കോടിയോളം വരുന്ന ആംഗ്ലിക്കൻ വിശ്വാസികളുടെ തലവയായി അവർ തിരഞ്ഞെടുക്കപ്പെട്ടു. സഭയുടെ 106-ാമത് അധ്യക്ഷയായ അവർക്ക് ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ പ്രഭുസഭയിൽ അംഗത്വവും ലഭിച്ചു. ഒരു സാധാരണ നഴ്സിൽ നിന്ന് ആഗോള സഭയുടെ പരമാധികാരിയിലേക്കുള്ള അവരുടെ വളർച്ച വിസ്മയകരമാണ്.

Also Read:ഇറാന്റെ പരമോന്നത നേതാവാകാൻ എനിക്ക് ക്ഷണം ലഭിച്ചു; വെളിപ്പെടുത്തലുമായി ഡോണൾഡ് ട്രംപ്!

സാറാ മുല്ലള്ളിയുടെ ഈ ചരിത്രപരമായ സ്ഥാനാരോഹണം കേരളത്തിലെ സഭകളിലടക്കം വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. സ്ത്രീകളെ വൈദിക പദവിയിലേക്ക് പ്രവേശിപ്പിക്കുന്നതിനെതിരെ പല സഭകളും നിലപാടെടുക്കുമ്പോൾ, ആംഗ്ലിക്കൻ സഭയുടെ ഈ മാറ്റം വിപ്ലവകരമായി വിലയിരുത്തപ്പെടുന്നു. യേശുവിന്റെ ഉയിർപ്പിന് ആദ്യ സാക്ഷിയായ മഗ്ദലേന മറിയത്തെ ‘അപ്പസ്‌തോലരുടെ അപ്പസ്‌തോല’ എന്ന് സഭ തന്നെ വിശേഷിപ്പിക്കുമ്പോൾ, സ്ത്രീകൾക്ക് ഇത്തരം ഉന്നത പദവികൾ നിഷേധിക്കപ്പെടുന്നത് ശരിയല്ലെന്ന വാദം ശക്തമാകുന്നുണ്ട്. 2024-ലെ സിനഡാലിറ്റി രേഖകളും സ്ത്രീപുരുഷ സമത്വത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു.

കേരളത്തിലെ സാമൂഹിക വികാസത്തിൽ കന്യാസ്ത്രീകൾ നൽകിയ സംഭാവനകൾ നിസ്തുലമാണെങ്കിലും പുരുഷാധിപത്യപരമായ സഭാസംവിധാനങ്ങൾ അവരുടെ സേവനങ്ങളെ വേണ്ടവിധം ആദരിക്കുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. ചാവറയച്ചന്റെ കാലം മുതൽ കേരളത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യരംഗത്തിനും നട്ടെല്ലായി നിന്നത് കന്യാസ്ത്രീകളാണ്. എന്നാൽ ഇന്ന് സഭയുടെ പല മേഖലകളിലും അവരുടെ പ്രാതിനിധ്യം കുറയുന്നതായും വിമർശനമുണ്ട്. ഈ സാഹചര്യത്തിൽ സാറാ മുല്ലള്ളിയുടെ പദവി സഭയുടെ ഭാവിയിൽ സ്ത്രീകളെ തുല്യ അവകാശമുള്ള പങ്കാളികളായി കാണേണ്ടതിന്റെ അനിവാര്യത ലോകമെമ്പാടുമുള്ള സഭകളെ ഓർമ്മിപ്പിക്കുന്നു.

The post ചരിത്രം തിരുത്തി സാറാ മുല്ലള്ളി; ആംഗ്ലിക്കൻ സഭയുടെ ആദ്യ വനിതാ പരമാധ്യക്ഷയായി അഭിഷിക്തയായി appeared first on Express Kerala.

Spread the love
See also  റെന്റൽ കാറുകൾക്ക് ഏകീകൃത കരാർ! ദുബായിൽ പുതിയ പരിഷ്കാരവുമായി ആർടിഎ