
കോഴിക്കോട്: പ്രമുഖ സൈബർ വിദഗ്ധൻ പി. വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ പട്ടാപ്പകൽ വൻ കവർച്ച. അഴകൊടി ക്ഷേത്രത്തിന് സമീപമുള്ള പൊൽപ്പായമനയിലാണ് മോഷണം നടന്നത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പതിനെട്ടര പവൻ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ വിനോദ് ഭട്ടതിരിപ്പാടും കുടുംബവും തൃശ്ശൂരിൽ ക്ഷേത്രദർശനത്തിനായി പോയിരുന്നു. ഈ സമയത്താണ് മോഷണം നടന്നതെന്ന് കരുതുന്നു. വീടിന്റെ മുൻഭാഗത്തെ വാതിൽപ്പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. മുകൾനിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നെക്ലേസ്, മാല, വളകൾ, ബ്രേസ്‌ലെറ്റ്, കമ്മൽ, മോതിരം, വാച്ച്, ലോക്കറ്റ് എന്നിവയുൾപ്പെടെയുള്ള വിലപിടിപ്പുള്ള ആഭരണങ്ങളാണ് കവർന്നത്.
Also Read: ഫോൺ വിളിച്ചതിന് ക്രൂരമർദനം; ഭാര്യയുടെ കാലൊടിച്ചു വാരിയെല്ല് തകർത്തു, ഭർത്താവ് അറസ്റ്റിൽ
വൈകീട്ട് ആറ് മണിയോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. സംഭവത്തിൽ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പട്ടാപ്പകൽ നടന്ന മോഷണമായതിനാൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. നടക്കാവ് എസ്.ഐ സി.പി. ലിനേഷിനാണ് അന്വേഷണ ചുമതല.
The post കോഴിക്കോട് നഗരത്തിൽ പട്ടാപ്പകൽ കവർച്ച; 18.5 പവൻ സ്വർണം കവർന്നു appeared first on Express Kerala.



