‘സിപിഎമ്മിന്റേത് ഇരട്ടത്താപ്പ്’; അധിക്ഷേപ പരാമർശങ്ങളിൽ നടപടി എടുക്കാത്തതിനെതിരെ പ്രതിപക്ഷ നേതാവ്

‘സിപിഎമ്മിന്റേത് ഇരട്ടത്താപ്പ്’; അധിക്ഷേപ പരാമർശങ്ങളിൽ നടപടി എടുക്കാത്തതിനെതിരെ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: യു. പ്രതിഭ എം.എൽ.എയ്ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്ലിം ലീഗ് സ്വീകരിച്ച നടപടിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു രാഷ്ട്രീയ നേതാവും ഒരിക്കലും നടത്താൻ പാടില്ലാത്ത പരാമർശമാണ് ഉണ്ടായതെന്നും, വിഷയത്തിൽ മണിക്കൂറുകൾക്കകം കുറ്റക്കാരനെ പാർട്ടിയിൽ നിന്നും യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും പുറത്താക്കിയ ലീഗ് നേതൃത്വത്തിന്റെ നിലപാട് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ പരാമർശത്തെ ആരും പിന്തുണച്ചില്ലെന്നും ‘ഭാഷയുടെ കുഴപ്പമാണെന്നോ’ വാക്കുകൾ ‘അടർത്തിമാറ്റിയതാണെന്നോ’ പറഞ്ഞ് ആരും ന്യായീകരിക്കാൻ ശ്രമിച്ചില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമർശിച്ച പ്രതിപക്ഷ നേതാവ്, സമാനമായ സംഭവങ്ങളിൽ ഭരണപക്ഷം എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ചോദിച്ചു. രമ്യാ ഹരിദാസിനെതിരെ അശ്ലീല പരാമർശം നടത്തിയ എ. വിജയരാഘവനെതിരെയും കെ.കെ. രമ, വീണാ എസ്. നായർ, അച്ചു ഉമ്മൻ എന്നിവർക്കെതിരെ അധിക്ഷേപം നടത്തിയവർക്കെതിരെയും എന്ത് നടപടിയെടുത്തു എന്ന് അദ്ദേഹം ചോദിച്ചു. വനിതാ മാധ്യമപ്രവർത്തകർക്കെതിരെ അശ്ലീല പരാമർശങ്ങൾ ഉണ്ടായപ്പോഴും സിപിഎം നിശബ്ദത പാലിക്കുകയായിരുന്നു. സെക്രട്ടേറിയറ്റിലെ സിപിഎം നേതാവിനെതിരായ പരാതിയിൽ നടപടിയെടുക്കാൻ കഴിയില്ലെന്ന മറുപടി തന്റെ കൈവശമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

Also Read:രാഹുൽ ഗാന്ധിക്ക് പ്രാദേശിക നേതാവിൻ്റെ ധാരണ പോലുമില്ല; കോൺഗ്രസ് ബിജെപിയുടെ ബി ടീമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലും അധിക്ഷേപങ്ങളിലും കോൺഗ്രസ് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് സതീശൻ വ്യക്തമാക്കി. പാലക്കാട് എം.എൽ.എയുമായി ബന്ധപ്പെട്ട വിഷയത്തിൽ അതിജീവിതകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വന്നപ്പോൾ ശക്തമായ മുന്നറിയിപ്പ് നൽകിയത് താനാണെന്നും അത്തരം പ്രവർത്തികൾ ചെയ്യുന്നവർ പാർട്ടിയിൽ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പാണെന്നും യുഡിഎഫ് ഇത്തരം കാര്യങ്ങളിൽ മാതൃകാപരമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും വി.ഡി. സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു.

The post ‘സിപിഎമ്മിന്റേത് ഇരട്ടത്താപ്പ്’; അധിക്ഷേപ പരാമർശങ്ങളിൽ നടപടി എടുക്കാത്തതിനെതിരെ പ്രതിപക്ഷ നേതാവ് appeared first on Express Kerala.

Spread the love
See also  ഓപ്പറേഷൻ ഊർജ്ജ സുരക്ഷ; ഹോർമുസിൽ പടക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യൻ നാവികസേന