ഐപിഎല്ലിൽ നിന്ന് ബെൻ ഡക്കറ്റ് പിന്മാറി; ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി

ഐപിഎല്ലിൽ നിന്ന് ബെൻ ഡക്കറ്റ് പിന്മാറി; ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി

ലോകക്രിക്കറ്റിലെ ഏതൊരു താരത്തിന്റെയും സ്വപ്നഭൂമിയാണ് ഐപിഎൽ. കരിയറും ജീവിതവും മാറ്റിമറിക്കാൻ ഒരൊറ്റ സീസൺ മതിയെന്നിരിക്കെ, ലേലത്തിൽ അൺസോൾഡ് ആയിപ്പോകുന്ന താരങ്ങളുടെ നിരാശ ചെറുതല്ല. എന്നാൽ ഇതിനിടയിലാണ് ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റ് ഐപിഎല്ലിൽ നിന്ന് അപ്രതീക്ഷിതമായി പിന്മാറുന്നത്. ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഡൽഹി ക്യാപിറ്റൽസ് താരമായ ഡക്കറ്റിന്റെ ഈ ഞെട്ടിക്കുന്ന പ്രഖ്യാപനം.

ലേലത്തിൽ രണ്ട് കോടി രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് ഡക്കറ്റിനെ സ്വന്തമാക്കിയത്. ടൂർണമെന്റ് പടിവാതിൽക്കൽ എത്തിനിൽക്കെ താരം പിന്മാറിയത് ടീമിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ അനുയോജ്യമായ ഒരു പകരക്കാരനെ കണ്ടെത്തുക എന്നത് ഡൽഹിക്ക് വലിയ വെല്ലുവിളിയാണ്. താരത്തിന്റെ ഈ നിലപാടിനെതിരെ ആരാധകർക്കിടയിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഐപിഎല്ലിൽ കളിക്കാൻ താല്പര്യമില്ലായിരുന്നെങ്കിൽ എന്തിനാണ് ലേലത്തിൽ പങ്കെടുത്തതെന്നും, നേരത്തെ പിന്മാറിയിരുന്നെങ്കിൽ മറ്റൊരു താരത്തിന് അവസരം ലഭിക്കുമായിരുന്നു എന്നുമാണ് ആരാധകരുടെ ചോദ്യം.

Also Read:ശ്രേയസ് അയ്യർ തന്ത്രശാലി, പത്തിൽ പത്ത് മാർക്ക്; സീസണിലെ മികച്ച ക്യാപ്റ്റനെ പ്രവചിച്ച് അഭിനവ് മുകുന്ദ്

കരാർ വ്യവസ്ഥകൾ ലംഘിച്ച് പിന്മാറിയ ബെൻ ഡക്കറ്റിനെതിരെ ഐപിഎൽ അധികൃതർ കടുത്ത നടപടിയെടുത്തേക്കും. സാധാരണയായി ഇത്തരം സാഹചര്യങ്ങളിൽ താരങ്ങളെ അടുത്ത രണ്ട് സീസണുകളിൽ നിന്ന് വിലക്കാറാണ് പതിവ്. അങ്ങനെ സംഭവിച്ചാൽ 2029 സീസൺ വരെ ഡക്കറ്റിന് ഐപിഎല്ലിൽ കളിക്കാനാവില്ല. കഴിഞ്ഞ വർഷം സമാനമായ രീതിയിൽ പിന്മാറിയ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് നിലവിൽ ഐപിഎൽ വിലക്ക് നേരിടുകയാണ്.

ഇംഗ്ലണ്ട് ദേശീയ ടീമിനായി വരാനിരിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ശാരീരികമായും മാനസികമായും തയ്യാറെടുക്കുന്നതിനാണ് ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് ഡക്കറ്റിന്റെ വിശദീകരണം. ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുക എന്നതാണ് തന്റെ പ്രധാന സ്വപ്നമെന്നും, ടീമിനായി തന്റെ പരമാവധി നൽകാൻ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു. ഐപിഎല്ലിൽ നിന്ന് പിന്മാറുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നുവെന്നും ഡക്കറ്റ് കൂട്ടിച്ചേർത്തു.

The post ഐപിഎല്ലിൽ നിന്ന് ബെൻ ഡക്കറ്റ് പിന്മാറി; ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി appeared first on Express Kerala.

Spread the love
See also  തോൽവി ഉറപ്പിച്ചു, ന്യായീകരണം ഇപ്പോഴേ തുടങ്ങുന്നു! കെ. മുരളീധരനെ പരിഹസിച്ച് വി.കെ. പ്രശാന്ത്