
കുവൈത്ത്: രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും ഭരണാധികാരികളെയും ലക്ഷ്യമിട്ട് വധശ്രമങ്ങൾക്കും അട്ടിമറി നീക്കങ്ങൾക്കും പദ്ധതിയിട്ട ഭീകരസംഘത്തെ കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസി പിടികൂടി. നിരോധിത സംഘടനയായ ഹിസ്ബുള്ളയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന സെല്ലിനെ അതീവ രഹസ്യമായ നിരീക്ഷണത്തിനൊടുവിലാണ് ആഭ്യന്തര മന്ത്രാലയം തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കുവൈത്ത് പൗരന്മാരും പൗരത്വം റദ്ദാക്കപ്പെട്ട ഒരാളും ഉൾപ്പെടെ ആറ് പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു.
രാജ്യത്തെ ഉന്നത വ്യക്തിത്വങ്ങളെ വധിക്കാനും ഭരണസംവിധാനത്തെ അസ്ഥിരപ്പെടുത്താനുമുള്ള വൻ ഗൂഢാലോചനയാണ് സംഘം നടത്തിയിരുന്നതെന്ന് അധികൃതർ വെളിപ്പെടുത്തി. കേസിൽ ഉൾപ്പെട്ട മറ്റ് 14 പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒളിവിൽ പോയവരിൽ അഞ്ച് കുവൈത്ത് പൗരന്മാർക്ക് പുറമെ പൗരത്വം റദ്ദാക്കപ്പെട്ട അഞ്ച് പേരും, രണ്ട് വീതം ഇറാൻ, ലെബനൻ സ്വദേശികളും ഉൾപ്പെടുന്നു. പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്ത് ഭീകരശൃംഖല വിപുലീകരിക്കാനും ഇവർക്ക് പദ്ധതിയുണ്ടായിരുന്നു.
Also Read: മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് അബുദാബിയിൽ രണ്ട് മരണം; മൂന്ന് പേർക്ക് പരിക്ക്
പിടിയിലായ പ്രതികൾ തങ്ങൾക്ക് ഹിസ്ബുള്ളയുമായുള്ള ബന്ധം സമ്മതിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ പോയി ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, നിരീക്ഷണ സംവിധാനങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ ഇവർ അത്യാധുനിക സൈനിക പരിശീലനം നേടിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. ചാരവൃത്തിക്കും വധശ്രമങ്ങൾക്കും പ്രത്യേക പരിശീലനം ലഭിച്ച ഈ സംഘം വലിയ തോതിലുള്ള അട്ടിമറി നീക്കങ്ങൾക്കാണ് തയ്യാറെടുത്തിരുന്നത്. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
The post കുവൈത്തിൽ ഭരണാധികാരികളെ വധിക്കാൻ ഗൂഢാലോചന; ഹിസ്ബുള്ള ഭീകരകേന്ദ്രം തകർത്തു appeared first on Express Kerala.



