കുവൈത്ത്: കുവൈത്തിൽ കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയുള്ള തെക്കൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും പ്രവചിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾക്കും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
Also Read: കുവൈത്തിൽ ഭരണാധികാരികളെ വധിക്കാൻ ഗൂഢാലോചന; ഹിസ്ബുള്ള ഭീകരകേന്ദ്രം തകർത്തു
മഴ സമയത്ത് വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കാനും സുരക്ഷിതമായ അകലം പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. വാഹനങ്ങൾ കൃത്യമായ പ്രവർത്തനക്ഷമതയിലാണെന്ന് ഉറപ്പാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി എമർജൻസി നമ്പറായ 112 ലോ സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് നമ്പറായ 1804000 ലോ ബന്ധപ്പെടാവുന്നതാണ്. ഔദ്യോഗിക ചാനലുകൾ വഴിയുള്ള അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും മന്ത്രാലയം വ്യക്തമാക്കി.
The post കുവൈത്തിൽ കനത്ത മഴയും ശക്തമായ കാറ്റും; ജാഗ്രത പാലിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം appeared first on Express Kerala.



