തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ഓഫീസ് സീൽ പതിപ്പിച്ച സർക്കുലർ വിതരണം ചെയ്ത സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ പൂർണ്ണമായ രാഷ്ട്രീയ നിഷ്പക്ഷത ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ചു. സംഭവത്തെ വിമർശിച്ചവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
ബിജെപി ഓഫീസ് സീൽ പതിഞ്ഞ രേഖകൾ പുറത്തുപോയത് കേവലം ഒരു ഉദ്യോഗസ്ഥന്റെ പിഴവായി കാണാനാവില്ല. മുതിർന്ന ഉദ്യോഗസ്ഥരുടെ പരിശോധനയില്ലാതെ ഇത്തരമൊരു വീഴ്ച സംഭവിച്ചത് യാദൃശ്ചികമല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കമ്മീഷന്റെ വീഴ്ചയെ ജനാധിപത്യപരമായി വിമർശിച്ചവർക്കെതിരെ പോലീസ് നോട്ടീസ് അയക്കുന്നത് ശരിയായ നടപടിയല്ലന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യക്തിപരമായ അധിക്ഷേപമല്ലാത്ത വിമർശനങ്ങളെ അഭിപ്രായപ്രകടനങ്ങളായി കണ്ട് മാനിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷൻ പോലുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത അവയുടെ നിഷ്പക്ഷമായ പ്രവർത്തനത്തിലാണ്. ഈ വീഴ്ചയെക്കുറിച്ച് നടത്തുന്ന അന്വേഷണത്തിന്റെ കണ്ടെത്തലുകൾ രാഷ്ട്രീയ പാർട്ടികളെയും പൗരന്മാരെയും ബോധ്യപ്പെടുത്താൻ കമ്മീഷൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Also Read: കേരളത്തിൽ ബി.ജെ.പി അത്ഭുതം സൃഷ്ടിക്കുമെന്ന് ബി.ജെ.പി; മുൻ ഐ.പി.എസ് ഉദ്യോഗസ്ഥർ വന്നത് ആവേശം
കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപി ഓഫീസ് സീൽ പതിഞ്ഞ നിലയിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചത്. ഇത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. കമ്മീഷൻ ഓഫീസും കേന്ദ്ര ഭരണകക്ഷിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ് ഇതെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു. ഈ സംഭവത്തിൽ സോഷ്യൽ മീഡിയയിലടക്കം വിമർശനം ഉന്നയിച്ചവർക്കെതിരെ പോലീസ് നടപടി ആരംഭിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ.
The post ബിജെപി സീൽ നിസ്സാരമല്ല, കമ്മീഷൻ നിഷ്പക്ഷത പാലിക്കണം; തിരഞ്ഞെടുപ്പ് ഓഫീസർക്ക് മുഖ്യമന്ത്രിയുടെ കത്ത് appeared first on Express Kerala.



