
സംസ്ഥാനത്ത് വേനൽച്ചൂട് കടുക്കുന്നതിനിടെ വൈദ്യുതി ഉപഭോഗത്തിൽ സർവകാല റെക്കോർഡ് രേഖപ്പെടുത്തി. ഇന്നലെ മാത്രം 5,802 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിൽ ഉപയോഗിച്ചത്. 2024 മെയ് 2-ന് രേഖപ്പെടുത്തിയ 5,797 മെഗാവാട്ട് എന്ന മുൻ റെക്കോർഡാണ് ഇതോടെ മറികടന്നത്. ഉപഭോഗം കുത്തനെ ഉയർന്നിട്ടും സംസ്ഥാനത്ത് ഒരിടത്തും വൈദ്യുതി തടസ്സമോ പവർകട്ടോ ഇല്ലാതെ വിതരണം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ കെഎസ്ഇബിക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്.
നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി കെഎസ്ഇബി ചെയർമാന്റെയും മാനേജിംഗ് ഡയറക്ടറുടെയും നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കാനും അതുവഴി വൈദ്യുതി ഉപയോഗം കൂടാനും സാധ്യതയുണ്ടെങ്കിലും ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ സേവനം ഉറപ്പാക്കുമെന്ന് ബോർഡ് അറിയിച്ചു. വൈദ്യുതി ലാഭിക്കുന്നതിനായി വൈകുന്നേരങ്ങളിൽ അനാവശ്യമായ ലൈറ്റുകളും എസികളും നിയന്ത്രിക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
The post സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ സർവകാല റെക്കോർഡ്…! appeared first on Express Kerala.



