
മുംബൈയിൽ വലിയ ആവേശത്തോടെ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യ മ്യൂസിക്കൽ റോഡിന് ഇപ്പോൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ. റോഡിൽ നിന്നുള്ള സംഗീതം സമീപവാസികളുടെ ഉറക്കം കെടുത്തുന്നുവെന്ന പരാതിയെത്തുടർന്ന് രാത്രി 10 മുതൽ രാവിലെ 7 വരെ ഈ ഭാഗത്തുകൂടി വാഹനങ്ങൾ കടന്നുപോകുന്നത് നിരോധിച്ചു. ബ്രീച്ച് കാൻഡി മേഖലയിലെ താമസക്കാരുടെ നിരന്തരമായ പ്രതിഷേധത്തിനൊടുവിലാണ് കോർപ്പറേഷൻ ഈ കർശന നടപടി സ്വീകരിച്ചത്.
മാജിക്കല്ല, ഇത് സയൻസ്!
ഛത്രപതി സംഭാജി മഹാരാജ് കോസ്റ്റൽ റോഡിലെ 500 മീറ്റർ ഭാഗത്താണ് ഈ മ്യൂസിക്കൽ റോഡ് ഒരുക്കിയിരിക്കുന്നത്. സ്പീക്കറുകൾ ഒന്നുമില്ലാതെ തന്നെ വാഹനം ഓടുമ്പോൾ എ.ആർ.റഹ്മാന്റെ പ്രശസ്തമായ ‘ജയ് ഹോ’ എന്ന ഗാനം മുഴങ്ങിക്കേൾക്കും. റോഡിൽ കൃത്യമായ അകലത്തിൽ സ്ഥാപിച്ചിരിക്കുന്ന റംബിൾ സ്ട്രിപ്പുകളിൽ ടയറുകൾ ഉരസുമ്പോഴുണ്ടാകുന്ന പ്രകമ്പനമാണ് സംഗീതമായി മാറുന്നത്. 60 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ പോകുന്ന വാഹനങ്ങൾക്കാണ് ഈ സംഗീതം ആസ്വദിക്കാനാവുക.
Also Read:മുംബൈ-അഹമ്മദാബാദ് യാത്ര ഇനി ‘ഫാസ്റ്റ്’; ടാറ്റ പവറിന്റെ 180 kW അൾട്രാ-ഫാസ്റ്റ് ഇവി ചാർജർ സജ്ജം
ആവേശം കെട്ടടങ്ങി; പ്രതിഷേധവുമായി ജനങ്ങൾ
തുടക്കത്തിൽ ഈ ‘പാട്ടുപാടുന്ന റോഡ്’ വലിയ വിനോദമായിരുന്നെങ്കിലും താമസിയാതെ ഇതൊരു വലിയ ശബ്ദമലിനീകരണമായി മാറി. ഫ്ലാറ്റുകളിൽ ശബ്ദം പ്രതിധ്വനിക്കുന്നതായും ജനലുകൾ തുറന്നിടാൻ പോലും കഴിയുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി. രാത്രി പത്ത് മണിക്ക് ശേഷം വലിയ ശബ്ദങ്ങൾ പാടില്ലെന്ന നിയമം മ്യൂസിക്കൽ റോഡ് ലംഘിക്കുന്നതായി അധികൃതർ നടത്തിയ പരിശോധനയിൽ വ്യക്തമായി. പകൽ സമയത്ത് റോഡ് സാധാരണ നിലയിൽ തുറന്നു കൊടുക്കുമെങ്കിലും രാത്രികാലങ്ങളിൽ സമാധാനം ഉറപ്പാക്കാൻ നിയന്ത്രണം തുടരും.
The post പാട്ടുപാടുന്ന റോഡ് പണിതന്നു; ഒടുവിൽ നാട്ടുകാർക്ക് പണിയായി! മുംബൈയിൽ രാത്രികാല നിയന്ത്രണം appeared first on Express Kerala.



