
സംസ്ഥാനത്ത് തുടരുന്ന കടുത്ത വേനൽച്ചൂടിന് ശമനമേകി ഇന്നുമുതൽ വേനൽമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യതയുള്ളത്. മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മഴ പ്രവചിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ഉയർന്ന താപനിലയിൽ വലിയ കുറവുണ്ടാകില്ലെന്നാണ് സൂചന.
താപനില ഉയരുന്ന സാഹചര്യത്തിൽ പന്ത്രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും, തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസും വരെ ചൂട് കൂടാൻ സാധ്യതയുണ്ട്. സാധാരണ താപനിലയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ വർധനവാണ് പ്രതീക്ഷിക്കുന്നത്.
Also Read:സാദിഖലി തങ്ങളെ അധിക്ഷേപിച്ച സംഭവം; പ്രതി മുഹമ്മദ് റോഷനായി തിരച്ചിൽ ഊർജ്ജിതം
ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ഉഷ്ണവും അസ്വസ്ഥതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. അന്തരീക്ഷം ചൂടുപിടിച്ചു കിടക്കുന്നതിനാൽ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. വേനൽമഴ എത്തുന്നതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന അസഹനീയമായ ചൂടിന് നേരിയ ആശ്വാസം ലഭിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
The post ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസമായി വേനൽമഴ; പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും appeared first on Express Kerala.



