
ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിക്ക് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിന്റെ വലിയ ലോകത്തേക്ക് ചുവടുവെക്കാം. താരം 15-ാം പിറന്നാൾ ആഘോഷിച്ചതോടെ, ഐസിസി നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ പ്രായപരിധി വൈഭവ് പിന്നിട്ടു. 2020-ൽ ഐസിസി കൊണ്ടുവന്ന നിയമപ്രകാരം (Article 4.1), ഒരു താരത്തിന് ദേശീയ ടീമിനെ പ്രതിനിധീകരിക്കണമെങ്കിൽ കുറഞ്ഞത് 15 വയസ്സ് തികഞ്ഞിരിക്കണം. ഐപിഎൽ പത്തൊമ്പതാം സീസൺ ആരംഭിക്കാനിരിക്കെ, ഇന്ത്യൻ സീനിയർ ടീം സെലക്ഷന് കൂടി താരം ഇതോടെ അർഹത നേടിയിരിക്കുകയാണ്.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡുമായി 2025-ൽ രാജസ്ഥാൻ റോയൽസിലെത്തിയ വൈഭവ്, തന്റെ അരങ്ങേറ്റത്തിൽ തന്നെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. നേരിട്ട ആദ്യ പന്തിൽ സിക്സറടിച്ചും, പിന്നാലെ വെറും 35 പന്തിൽ സെഞ്ച്വറി തികച്ചും താരം വാർത്തകളിൽ നിറഞ്ഞു. ക്രിസ് ഗെയ്‌ലിന് പിന്നാലെ ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറി എന്ന റെക്കോർഡും ഈ കൗമാരക്കാരന്റെ പേരിലാണ്. ആഭ്യന്തര ക്രിക്കറ്റിലും അണ്ടർ-19 തലത്തിലും റെക്കോർഡുകളുടെ തോഴനാണ് വൈഭവ്.
Also Read:ഗ്രൂപ്പ് ഒന്നാണെങ്കിലും കളി മാറും! സിഎസ്‌കെയും ആർസിബിയും തമ്മിലുള്ള പോരാട്ടം കുറയാൻ കാരണമിത്
ഓസ്‌ട്രേലിയയ്‌ക്കെതിരായ യൂത്ത് ടെസ്റ്റിൽ 58 പന്തിൽ സെഞ്ച്വറി നേടിയും, ജനുവരിയിൽ നടന്ന അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചും വൈഭവ് തന്റെ പ്രതിഭ തെളിയിച്ചു. ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 80 പന്തിൽ 175 റൺസെടുത്ത താരത്തിന്റെ പ്രകടനം ലോകശ്രദ്ധ നേടിയിരുന്നു. ടൂർണമെന്റിലെ ടോപ് സ്കോററും ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരവും വൈഭവ് തന്നെയായിരുന്നു. 15 വയസ്സ് തികഞ്ഞ സാഹചര്യത്തിൽ വൈഭവ് എന്ന് ഇന്ത്യൻ സീനിയർ ടീമിന്റെ കുപ്പായമണിയുമെന്നാണ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.
The post 15-ാം പിറന്നാൾ ആഘോഷിച്ച് വൈഭവ്, ഐപിഎല്ലിന് തൊട്ടുമുമ്പ് ഇരട്ടി മധുരം appeared first on Express Kerala.



