loader image
കടമെടുപ്പ് പരിധിയിൽ 5944 കോടി വെട്ടിക്കുറച്ച് കേന്ദ്രം; കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

കടമെടുപ്പ് പരിധിയിൽ 5944 കോടി വെട്ടിക്കുറച്ച് കേന്ദ്രം; കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പും സാമ്പത്തിക വർഷാവസാനവും മുന്നിലെത്തി നിൽക്കെ കേരള സർക്കാരിനെ വെട്ടിലാക്കി കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം. നടപ്പ് സാമ്പത്തിക വർഷത്തെ ബാക്കിയുള്ള മൂന്ന് മാസത്തേക്ക് കടമെടുക്കാൻ അനുവാദമുണ്ടായിരുന്ന തുകയിൽ നിന്നും 5944 കോടി രൂപ കേന്ദ്ര ധനമന്ത്രാലയം ഒറ്റയടിക്ക് വെട്ടിക്കുറച്ചു. ഇതോടെ വൻ പണച്ചെലവ് പ്രതീക്ഷിച്ചിരുന്ന സർക്കാരിന്റെ പദ്ധതികളെല്ലാം അനിശ്ചിതത്വത്തിലായി.

ബജറ്റിന് പുറമെ കിഫ്ബി (KIIFB), പെൻഷൻ കമ്പനി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ വഴി എടുത്ത അധിക വായ്പകളാണ് പ്രധാനമായും കടമെടുപ്പ് പരിധി കുറയ്ക്കാൻ കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. ഇനിയുള്ള മൂന്ന് മാസക്കാലം (ജനുവരി – മാർച്ച്) കേരളത്തിന് ആകെ കടമെടുക്കാൻ സാധിക്കുക 6572 കോടി രൂപ മാത്രമാണ്. നേരത്തെ ഇത് 12,516 കോടി രൂപയായിരുന്നു.

Also Read: ദിലീപിന് ആശ്വാസം; പാസ്സ്‌പോർട്ട് തിരിച്ചു നൽകും

സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ സർക്കാരിന് മുന്നിലുള്ളത് കടുപ്പമേറിയ കടമ്പകളാണ്. കരാറുകാർക്ക് നൽകാനുള്ള കുടിശ്ശികയടക്കം ബില്ലുകൾ പാസാക്കാൻ ഏകദേശം 20,000 കോടി രൂപ വേണം. അടുത്ത മൂന്ന് മാസത്തെ ശമ്പളത്തിനും പെൻഷനുമായി 15,000 കോടിയിലധികം രൂപ കണ്ടെത്തണം. 2000 രൂപയായി വർധിപ്പിച്ച ക്ഷേമ പെൻഷൻ വിതരണവും വലിയൊരു ബാധ്യതയാണ്. നികുതി അടക്കമുള്ള ആഭ്യന്തര വരുമാനം കൊണ്ട് മാത്രം ഈ തുക കണ്ടെത്തുക അസാധ്യമാണെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ.

See also  സുരക്ഷയിൽ വിട്ടുവീഴ്ചയില്ല! ഹാഫ്-സ്റ്റിയറിംഗ് വീലുകൾ നിരോധിക്കാുന്നു; ടെസ്‌ലയ്ക്കും ലെക്‌സസിനും തിരിച്ചടി

സംസ്ഥാന സർക്കാർ ഗാരന്റി നിൽക്കുന്ന വായ്പകൾക്ക് സുരക്ഷാ കവചമായി കരുതൽ ഫണ്ട് രൂപീകരിക്കാത്തതിനാൽ 3300 കോടി രൂപ നേരത്തെ തന്നെ കേന്ദ്രം തടഞ്ഞുവച്ചിരുന്നു. ഈ തുകയുടെ രണ്ടര ശതമാനം അഞ്ച് വർഷം കൊണ്ട് നിക്ഷേപിക്കാമെന്ന കേരളത്തിന്റെ ഉറപ്പിൽ പണം അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഈ തുക ഒറ്റയടിക്ക് മാറ്റണമെന്ന പുതിയ നിർദ്ദേശം എത്തിയതോടെ സർക്കാരിന്റെ ആ പ്രതീക്ഷയും മങ്ങി. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ ഈ തീരുമാനം വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചേക്കാം.
The post കടമെടുപ്പ് പരിധിയിൽ 5944 കോടി വെട്ടിക്കുറച്ച് കേന്ദ്രം; കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് appeared first on Express Kerala.

Spread the love

New Report

Close