
നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി, മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പുതിയ പ്രധാനമന്ത്രിയായി 35-കാരനായ ബലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് ഈ നിർണ്ണായക നീക്കം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഒലി സർക്കാരിനെതിരെ നടന്ന ‘ജെൻ സി’ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനിടെ 70-ലധികം പേർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഭക്താപൂരിലെ വസതിയിൽ നിന്നാണ് ഒലിയെ കസ്റ്റഡിയിലെടുത്തത്.
മനപ്പൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഒലിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസാണിത്. പ്രക്ഷോഭകാലത്തെ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുശീല കർക്കിയുടെ നേതൃത്വത്തിൽ കമ്മീഷനെ നിയോഗിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒലിക്കും രമേശ് ലേഖകിനും നേരത്തെ തന്നെ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന പുതിയ സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.
Also Read: “അടുത്തത് ക്യൂബ”; പുതിയ സൈനിക നടപടിക്ക് സൂചന നൽകി ട്രംപ്
തനിക്കെതിരെയുള്ള നടപടി രാഷ്ട്രീയ പ്രതികാരമാണെന്ന് കെ.പി. ശർമ്മ ഒലി എക്സിൽ കുറിച്ചു. എന്നാൽ ഇത് ആരോടുമുള്ള വ്യക്തിപരമായ പ്രതികാരമല്ലെന്നും നീതി നടപ്പിലാക്കുന്നതിന്റെ തുടക്കം മാത്രമാണെന്നും നേപ്പാൾ സർക്കാർ വ്യക്തമാക്കി. റാപ്പറും എൻജിനീയറുമായ ബലേന്ദ്ര ഷാ നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ നടന്ന ഈ അറസ്റ്റ് അയൽരാജ്യമായ ഇന്ത്യയുൾപ്പെടെ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
The post നേപ്പാളിൽ രാഷ്ട്രീയ ഭൂകമ്പം; മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി അറസ്റ്റിൽ appeared first on Express Kerala.



