
ഐപിഎൽ 2026 സീസണിന് നാളെ തുടക്കമാകുമ്പോൾ ക്രിക്കറ്റ് ആരാധകരുടെ കണ്ണുകളെല്ലാം ചെന്നൈ സൂപ്പർ കിങ്സിലേക്കാണ്. മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിലേക്ക് എത്തിയത് ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും വലിയ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു. സഞ്ജുവിന്റെ ഈ കൂടുമാറ്റത്തെക്കുറിച്ചും അദ്ദേഹം ടീമിന് നൽകുന്ന കരുത്തിനെക്കുറിച്ചും ചെന്നൈ നായകൻ റുതുരാജ് ഗെയ്‌ക്വാദ് ഇപ്പോൾ മനസുതുറന്നിരിക്കുകയാണ്.
സഞ്ജു ടീമിലെത്തിയത് സിഎസ്കെയെ വളരെയധികം ശക്തിപ്പെടുത്തിയെന്നാണ് റുതുരാജ് പറയുന്നത്. സഞ്ജുവിന്റേത് വെറുമൊരു ടീം മാറ്റമല്ലെന്നും വർഷങ്ങളായുള്ള ആഗ്രഹമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. മൂന്ന് വർഷം മുൻപ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ തന്നെ സഞ്ജു ചെന്നൈ ടീമിലെ അന്തരീക്ഷത്തെയും സംസ്കാരത്തെയും കുറിച്ച് തന്നോട് ചോദിച്ചറിഞ്ഞിരുന്നു. ചെന്നൈ ടീമിലെ സന്തോഷകരമായ ആ അന്തരീക്ഷം അനുഭവിച്ചുതന്നെ അറിയണമെന്ന് അന്ന് താൻ സഞ്ജുവിനോട് പറഞ്ഞിരുന്നതായും റുതുരാജ് ഓർത്തെടുത്തു.
Also Read: ഐപിഎൽ 19-ാം എഡിഷന് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു ഹൈദരാബാദിനെ നേരിടും
ഇന്ത്യൻ ടീമിനൊപ്പമുള്ള യാത്രകളിൽ സമാനമായ പ്രതിസന്ധികളിലൂടെയും ഉയർച്ചകളിലൂടെയും കടന്നുപോയവരാണ് തങ്ങൾ രണ്ടുപേരുമെന്നും അതുകൊണ്ടുതന്നെ തങ്ങൾക്കിടയിൽ അടുത്ത സൗഹൃദമുണ്ടെന്നും റുതുരാജ് കൂട്ടിച്ചേർത്തു. രാജസ്ഥാൻ റോയൽസിനെ നയിച്ച പരിചയമുണ്ടായിട്ടും ചെന്നൈയിൽ എത്തുമ്പോൾ ക്യാപ്റ്റൻ പദവിയെക്കുറിച്ചല്ല, മറിച്ച് ടീമിന് വേണ്ടി എന്ത് നൽകാൻ കഴിയും എന്നതിനെക്കുറിച്ചാണ് സഞ്ജു ചിന്തിക്കുന്നത്. ചെന്നൈയുടെ ഭാഗമാകുന്നതിൽ സഞ്ജു വലിയ ആവേശത്തിലാണെന്നും താരത്തിന്റെ ഈ മനോഭാവം ടീമിന് വലിയ മുതൽക്കൂട്ടാണെന്നും റുതുരാജ് വ്യക്തമാക്കി.
The post നായകനാകാനല്ല, ടീമിനായി പോരാടാൻ; സഞ്ജുവിന്റെ വരവിൽ ആവേശം പങ്കുവെച്ച് ചെന്നൈ ക്യാപ്റ്റൻ! appeared first on Express Kerala.



