
ലോകത്തെ ഏറ്റവും സ്വാധീനമുള്ള സാമ്പത്തിക കേന്ദ്രങ്ങളുടെ പട്ടികയിൽ ചരിത്രപരമായ മുന്നേറ്റം നടത്തി ദുബായ്. ആഗോള സാമ്പത്തിക കേന്ദ്ര സൂചികയിൽ ഏഴാം സ്ഥാനത്തെത്തിയതോടെ ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ തുടങ്ങിയ പ്രമുഖ നഗരങ്ങൾക്കൊപ്പമാണ് ഇപ്പോൾ ദുബായിയുടെയും സ്ഥാനം. മധ്യപൂർവദേശം, ആഫ്രിക്ക, ദക്ഷിണേഷ്യൻ മേഖലകളിൽ നിന്ന് ആദ്യ പത്തിൽ ഇടംപിടിക്കുന്ന ഏക നഗരം എന്ന ബഹുമതിയും ഇതോടെ ദുബായ് സ്വന്തമാക്കി.
2033-ഓടെ ലോകത്തെ ഏറ്റവും മികച്ച നാല് സാമ്പത്തിക കേന്ദ്രങ്ങളിൽ ഒന്നായി ദുബായിയെ മാറ്റുക എന്ന ‘ഡി33’ സാമ്പത്തിക അജണ്ടയുടെ ഭാഗമായുള്ള സുപ്രധാന ചുവടുവെപ്പാണിത്. ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിന്റെ കരുത്തുറ്റ പ്രവർത്തനങ്ങളും നൂതനമായ സാമ്പത്തിക നയങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ദുബായ് ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. നിലവിൽ ഒൻപതിനായിരത്തിലേറെ സജീവ കമ്പനികളാണ് ഡിഐഎഫ്സിയിൽ പ്രവർത്തിക്കുന്നത്.
Also Read: യുഎഇയിൽ വരും ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ! ഏപ്രിൽ ആദ്യവാരം വരെ മഴയ്ക്ക് സാധ്യത
ബാങ്കിങ്, ഫിൻടെക്, ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ദുബായ് നടത്തുന്ന മുന്നേറ്റം രാജ്യാന്തര നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ലോകത്തെ പ്രമുഖ ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും ഉൾപ്പെടെ അൻപതിനായിരത്തിലധികം പ്രഫഷനലുകളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. ദുബായുടെ ആഗോള സാമ്പത്തിക പദവി കൂടുതൽ ഉറപ്പിക്കുന്ന ഈ നേട്ടം വരും വർഷങ്ങളിൽ കൂടുതൽ വിദേശ നിക്ഷേപങ്ങൾ രാജ്യത്തേക്ക് ആകർഷിക്കാൻ സഹായിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.
The post ആഗോള സാമ്പത്തിക ശക്തിയായി ദുബായ്! ലോകത്തെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു appeared first on Express Kerala.




