
പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം. നിരവധി ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വിമാനത്താവളത്തിന്റെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു. സിവിൽ ഏവിയേഷൻ അതോറിറ്റി വക്താവ് അബ്ദുല്ല അൽ-രാജ്ഹി സംഭവസ്ഥലം സന്ദർശിച്ച് അടിയന്തര നടപടികൾക്ക് നിർദ്ദേശം നൽകി.
യുഎഇയിലെ പ്രമുഖ വ്യവസായ ഹബ്ബായ കെസാദിന് സമീപം പതിച്ച മിസൈൽ അവശിഷ്ടങ്ങൾ കാരണം അഞ്ച് ഇന്ത്യൻ പ്രവാസികൾക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഗൾഫ് മേഖലയിലെ പ്രധാന വ്യാപാര-ലോജിസ്റ്റിക്സ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഇറാൻ ആക്രമണം തുടരുന്നത്. ഒമാനിലെ സലാല തുറമുഖത്തിന് നേരെയും രണ്ട് ഡ്രോണുകൾ പാഞ്ഞെത്തുകയും ക്രെയിൻ സംവിധാനത്തിന് സമീപം സ്ഫോടനമുണ്ടാവുകയും ചെയ്തു. ഇവിടെ ഒരാൾക്ക് പരിക്കേറ്റതായാണ് വിവരം.
Also Read: അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് തീപിടിത്തം; പരുക്കേറ്റവരുടെ എണ്ണം ആറായി
സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസിൽ നടത്തിയ ആക്രമണത്തിൽ 12 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും ഒരു എഫ് 16 യുദ്ധവിമാനം അടിയന്തരമായി ഇറക്കിയതായും ഇറാൻ അവകാശപ്പെട്ടു. ബുഷഹ്ർ ഉൾപ്പെടെയുള്ള മൂന്ന് ആണവ നിലയങ്ങൾക്കും സ്റ്റീൽ പ്ലാന്റുകൾക്കും നേരെ ഇസ്രയേൽ നടത്തിയ ആക്രമണമാണ് ഇറാനെ പ്രകോപിപ്പിച്ചത്. ആണവ നിലയങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായെങ്കിലും എവിടെയും റേഡിയേഷൻ ചോർച്ച റിപ്പോർട്ട് ചെയ്തിട്ടില്ല. മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്നതിനാൽ ഗൾഫ് രാജ്യങ്ങൾ കനത്ത ജാഗ്രതയിലാണ്.
The post കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം! appeared first on Express Kerala.




