
വലിയ ഒരു തെറ്റാണിപ്പോൾ ഗൾഫ് രാജ്യങ്ങളിലെ ഭരണകൂടം ചെയ്തിരിക്കുന്നത്. അത്, യുക്രൈയിൻ പ്രസിഡൻ്റ് വ്ലാദിമർ സെലൻസ്കിയെ കൂടിക്കാഴ്ചക്കായി ഗൾഫിൽ എത്തിച്ചു എന്നതു തന്നെയാണ്. സൗദി കിരീടാവകാശിയുമായും, യുഎഇ ഭരണാധികാരിയുമായും സെലൻസ്കി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ ഇതിനകം തന്നെ പുറത്തു വന്നു കഴിഞ്ഞു, ഇറാൻ്റെ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സഹായം തേടിയാണ് ഈ കൂടിക്കാഴ്ച സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. പ്രതിഫലമായി യുക്രൈയിനുള്ള സാമ്പത്തിക സഹായങ്ങൾ ഗൾഫ് രാജ്യങ്ങളും ഉറപ്പ് നൽകിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സൗദി കിരീടാവകാശിയുടെയും യുഎഇ ഭരണാധികാരിയുടെയും ഈ നടപടി, റഷ്യയുടെ കോപം വിളിച്ചു വരുത്താനാണ് ഇടയാക്കാൻ പോകുന്നത്. ഗൾഫ് രാജ്യങ്ങൾ എല്ലാം ഒറ്റക്കെട്ടായി ആക്രമിച്ചാൽ പോലും, ഇറാനെ ഒന്നും ചെയ്യാൻ പറ്റില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കെ, റഷ്യയെ പോലുള്ള ലോകത്തിലെ വമ്പൻ സൈനിക ശക്തിയുടെ കണ്ണിലെ കരടാകുന്നത്, ഗൾഫ് രാജ്യങ്ങൾക്ക് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുക. ഒറ്റയ്ക്ക് നിന്ന് ഗൾഫിലെ അമേരിക്കൻ താവളങ്ങൾക്കും ഇസ്രയേലിനും എതിരെ ആക്രമണം നടത്തുന്ന ഇറാൻ്റെ സൈനിക ശേഷിയെ തടുത്ത് നിർത്താൻ പറ്റാത്തവർക്ക്, റഷ്യയുടെ ഒരു ആക്രമണത്തെ അതിജീവിക്കാനുള്ള ശേഷി പോലും ഉണ്ടാകുമോ എന്നതും സംശയമാണ്.
ഇറാനുമായി ഇസ്രയേലും, അമേരിക്കയും നടത്തുന്നതു പോലുളള ഒരു ഏറ്റുമുട്ടൽ, യുക്രൈയിനുമായി റഷ്യ ഇതുവരെ നടത്തിയിട്ടില്ല. അതിന് പ്രധാന കാരണം, മുൻപ് സോവിയറ്റ് യൂണിയൻ്റെ ഭാഗമായിരുന്നു യുക്രൈയിൻ എന്ന ഒറ്റ കാരണത്താലാണ്. അതു കൊണ്ടാണ് ഞങ്ങളുടെ ജനതയാണ് അവിടെ ഉള്ളത് എന്നത് റഷ്യൻ പ്രസിഡൻ്റ് പോലും പറയുന്നത്. അതു കൊണ്ടു തന്നെയാണ്, യുക്രൈയിനു നേരെ റഷ്യ ഇതുവരെ ആയിട്ടും യുദ്ധം പ്രഖ്യാപിക്കാതിരിക്കുന്നത്. പ്രത്യേക സൈനിക നടപടി എന്നു മാത്രമാണ്, യുക്രൈയിനിലെ സൈനിക നടപടിയെ റഷ്യ വിശേഷിപ്പിക്കുന്നത്.
Also Read: സമാധാനത്തിന് അമേരിക്ക, മുഖംതിരിച്ച് ഇറാൻ! അമേരിക്കയുടെ ചർച്ചാ നീക്കങ്ങൾക്ക് ഇറാന്റെ ‘റെഡ് സിഗ്നൽ
കഴിഞ്ഞ 4 വർഷമായി നടക്കുന്ന റഷ്യ- യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാനും, ആ രാജ്യത്തെ തന്നെ ഇല്ലാതാക്കാനും റഷ്യ വിചാരിച്ചാൽ 4 മിനുട്ട് പോലും വേണ്ട എന്നതും, ഒരു യാഥാർത്ഥ്യമാണ്. വിനാശകരമായ ഒരായുധവും ഇന്നുവരെ യുക്രൈയിനു നേരെ റഷ്യ പ്രയോഗിച്ചിട്ടില്ല. യുക്രൈയിനെ മുൻ നിർത്തി നാറ്റോ രാജ്യങ്ങൾ റഷ്യക്ക് നേരെ നടത്തുന്ന ഏറ്റുമുട്ടലിനെ, മൂന്നാം ലോക മഹായുദ്ധത്തിന് മുന്നോടിയായുള്ള, ഒരു സൈനിക പരിശീലനമായാണ് റഷ്യൻ സൈനിക നേതൃത്വവും ഭരണകൂടവും നോക്കി കാണുന്നത് എന്നാണ്, പ്രതിരോധ വിദഗ്ദർ തന്നെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
മാനവരാശിയ്ക്ക് തന്നെ അപകടമായ, അമേരിക്കയുടെയും ഇസ്രയേലിൻ്റെയും ശൈലി റഷ്യ സ്വീകരിക്കാത്തത് കൊണ്ടു മാത്രമാണ്, ഗൾഫ് രാജ്യങ്ങളുമായി ചർച്ച നടത്താൻ സാക്ഷാൽ വ്ലാദിമിർ സെലൻസ്കി പോലും ഇപ്പോഴും ജീവിച്ചിരിക്കുന്നത് എന്നതും, പറയാതിരിക്കാൻ കഴിയുകയില്ല. ഗൾഫ് രാജ്യങ്ങളുമായി നല്ല ബന്ധമുള്ള റഷ്യ, പുതിയ സാഹചര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നത് പശ്ചിമേഷ്യയെ സംബന്ധിച്ച് നിർണ്ണായകമാണ്.
അമേരിക്കൻ സൈനിക ശേഷിക്കും, പ്രതിരോധ സംവിധാനങ്ങൾക്കും, ഗൾഫ് രാജ്യങ്ങൾക്ക് സുരക്ഷ നൽകാൻ കഴിയില്ലന്നത് ഇറാൻ്റെ ആക്രമണം ലക്ഷ്യം കാണുന്നതിൽ നിന്നു തന്നെ വ്യക്തമാണ്. ഈ സാഹചര്യം വലിയ സുരക്ഷാ ഭീഷണിയാണ് ഗൾഫ് രാജ്യങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നത്. ഇറാനു നേരെയുള്ള അമേരിക്കയുടെയും ഇസ്രയേലിൻ്റെയും ആക്രമണങ്ങൾക്ക് പിന്നിൽ സൗദി അറേബ്യയാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇറാനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ പിന്നോട്ട് പോയ അമേരിക്കയോട് ,ഇറാനെതിരായ ആക്രമണം ശക്തമാക്കാൻ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്, സൗദിയുടെ ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച്, പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ദ ഗാർഡിയൻ ഉൾപ്പെടെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മിഡിൽ ഈസ്റ്റിനെ പുനർനിർമ്മിക്കുന്നതിനുള്ള “ചരിത്രപരമായ അവസരം” യുഎസ്-ഇസ്രായേൽ ആക്രമണം കൊണ്ട് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്ന്, ന്യൂയോർക്ക് ടൈംസും സൗദി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൈനിക നടപടി തുടരാൻ മാത്രമല്ല, അത് കൂടുതൽ ശക്തമാക്കാനും സൗദി ആഹ്വാനം ചെയ്തതായാണ് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്. ഈ വാർത്ത ട്രംപും നിഷേധിച്ചിട്ടില്ലന്നതും ശ്രദ്ധേയമാണ്.
മേഖലയിലെ ഇറാൻ്റെ വർദ്ധിച്ച സ്വാധീനം തകർക്കാൻ, ഇസ്രയേലുമായും അമേരിക്കയുമായും കൂട്ട് പിടിക്കുന്ന സൗദി ഭരണകൂടത്തിൻ്റെ നടപടിക്ക്, ഇസ്ലാമിക രാജ്യങ്ങളിലെ ജനങ്ങളുടെ പിന്തുണയുണ്ടാകില്ലന്നത് എന്തായാലും ഉറപ്പാണ്. മാത്രമല്ല, ഇത്തരം നീക്കം വലിയ തിരിച്ചടിയാകാനുള്ള സാധ്യതയും ഏറെയാണ്.
Also Read: ഹോർമുസ്; ഒരു ജലപാതയല്ല, 100 ദശലക്ഷം പേരുടെ ജീവനാഡി! യുദ്ധം തകർക്കുന്ന വിതരണ ശൃംഖലകൾ
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനാണ് ഇന്ന് ലോകത്തെ പൊരുതുന്ന മനസ്സുകളുടെ ഹീറോ. ഷിയാ രാജ്യമാണ് ഇറാനെങ്കിലും, സുന്നികൾ വാഴുന്ന പലസ്തീനും ഗാസയ്ക്കും വേണ്ടി പോരാടിയതിനാണ് ഇസ്രയേലിൻ്റെ കൊടും ശത്രുവായി ഇറാൻ മാറിയിരിക്കുന്നത്. ഗാസയിൽ കൊല്ലപ്പെട്ട 75,000 ത്തോളം വരുന്ന പലസ്തീനികളുടെ രക്തത്തിനു വേണ്ടി കൂടിയുള്ള കണക്ക് ചോദിച്ചാണ് ഇസ്രയേലിൽ ഇറാൻ്റെ മിസൈലുകൾ നാശം വിതയ്ക്കുന്നത്.
സകല ലോക നിയമങളും ലംഘിച്ചുള്ള ആക്രമണം, ഇറാനിൽ ഇസ്രയേലും, അമേരിക്കയും ചേർന്ന് നടത്തിയത് ആയുധമാക്കിയാണ് ഈ പകവീട്ടൽ ഇറാൻ സേന ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. സ്വാഭാവികമായും തിരിച്ചടിക്കാനുള്ള അവകാശം ഇറാനുണ്ട്. ആ തിരിച്ചടി അമേരിക്കയും ഇസ്രയേലും പ്രതീക്ഷിച്ചതിലും അപ്പുറമായതിനാലാണ്, സാമ്രാജ്യത്വ ശക്തികളുടെ സകല കണക്കു കൂട്ടലുകളും ഇപ്പോൾ തെറ്റിയിരിക്കുനത്.
ഇതിനിടെയിൽ ഇറാനെ മൊത്തത്തിൽ തീർത്ത് വിളവെടുപ്പ് നടത്താൻ ഏത് കിരീടാവകാശി ശ്രമിച്ചാലും, അത് നടക്കാൻ പോകുന്നില്ല. മാത്രമല്ല, ഇറാന് എതിരെ സൗദി ഉൾപ്പെടെ ഏത് ഗൾഫ് രാജ്യങ്ങൾ തിരിഞ്ഞാലും, അത് ഗൾഫ് മേഖലയുടെ നിലനിൽപ്പു തന്നെയാണ് അപകടത്തിലാക്കുക. ഷിയാകൾക്ക് മേധാവിത്വമുള്ള ബഹ്റൈനിൽ മാത്രമല്ല, സകല ഗൾഫ് രാജ്യങ്ങളിലെ ജനങ്ങളിൽ ബഹുഭൂരിപക്ഷത്തിൻ്റെയും വികാരം ഇപ്പോൾ ഇറാന് അനുകൂലമാണ് എന്നതും സൗദി കിരീടാവകാശി തിരിച്ചറിയുന്നത് നല്ലതായിരിക്കും. ഇന്ന് ഇറാനാണ് ഇസ്രയേലിൻ്റെ ലക്ഷ്യമെങ്കിൽ, നാളെ ഓരോ ഗൾഫ് രാജ്യവും ഇസ്രയേലിൻ്റെ ലക്ഷ്യ സ്ഥാനമായി മാറും എന്നതും ഈ ഘട്ടത്തിലെങ്കിലും ഓർക്കുന്നത് നല്ലതാണ്.
അതുകൊണ്ട് ഇറാനെ തീർക്കാൻ ഇറങ്ങുന്നവർ, സ്വയം തീരാതെ നോക്കുന്നതാണ് നല്ലത്. റഷ്യ എന്ന മഹാശക്തി ഇറാൻ്റെ പിന്നിലുണ്ട് എന്നതും തിരിച്ചറിയണം. അമേരിക്കയുടെ വാക്കുംകേട്ട് സെലൻസ്കിയെ വിളിച്ചു വരുത്തി ഡീലിന് ശ്രമിച്ചാൽ, അത് റഷ്യയെ നേരിട്ട് യുദ്ധരംഗത്തേക്ക് ഇറക്കുന്നതിനാണ് ഇടയാക്കുക. പ്രതിരോധ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നതും, അതു തന്നെയാണ്.
EXPRESS VIEW
വീഡിയോ കാണാം….
The post സൗദിയോട് കട്ട കലിപ്പിൽ റഷ്യ, സെലൻസ്‌കിയെ കൊണ്ട് വന്നത് ‘പണിയാകും’ ഇറാനും പോർമുഖം മാറ്റുന്നു! appeared first on Express Kerala.



