
പശ്ചിമേഷ്യയിൽ ഇസ്രയേൽ- അമേരിക്കൻ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക്. ശനിയാഴ്ച ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടുകൊണ്ട് യെമെനിലെ ഹൂതി വിമതരും യുദ്ധത്തിൽ ഔദ്യോഗികമായി പങ്കുചേർന്നു. ഹൂതികൾ വിട്ട ഒരു മിസൈൽ ഇസ്രയേൽ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തെങ്കിലും, ചെങ്കടൽ മേഖല യുദ്ധക്കളമാകുമെന്ന ഭീതി ശക്തമായിരിക്കുകയാണ്.
ഇറാനും അവരുടെ സഖ്യകക്ഷികൾക്കും നേരെയുള്ള ആക്രമണം നിർത്തുന്നത് വരെ ഇസ്രയേലിനെതിരായ നടപടികൾ തുടരുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചു. നേരത്തെ തന്നെ ലെബനീസ് സംഘടനയായ ഹിസ്ബുള്ള യുദ്ധത്തിൽ കക്ഷിചേർന്നിരുന്നു. ഇസ്രയേൽ ലെബനനിൽ നടത്തിയ പ്രത്യാക്രമണങ്ങളിൽ ഇതിനോടകം 1,100-ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
Also Read: ‘നരകത്തിലേക്ക് സ്വാഗതം’; അമേരിക്കൻ സൈന്യത്തിന് ശവപ്പെട്ടിയൊരുക്കി ഇറാന്റെ പത്രം
ഇറാനിൽ അമേരിക്ക കരയുദ്ധത്തിന് മുതിർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇറാൻ ശക്തമായ മുന്നറിയിപ്പാണ് നൽകുന്നത്. അമേരിക്ക നേരിട്ട് ഇടപെട്ടാൽ ഹൂതികളെ ഉപയോഗിച്ച് ചെങ്കടലിലെ കപ്പൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തുമെന്നാണ് ഇറാന്റെ ഭീഷണി. 2023-ലെ ഗാസ യുദ്ധസമയത്തും പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൂതികൾ ഇസ്രയേൽ ബന്ധമുള്ള കപ്പലുകളെ ആക്രമിച്ചിരുന്നു. യെമെൻ തീരത്തെ തന്ത്രപ്രധാനമായ ബാബ് അൽ മാൻഡബ് കടലിടുക്ക് ലക്ഷ്യമിട്ടാണ് ഹൂതികളുടെ നീക്കം.
ഇതിനോടകം തന്നെ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത് മൂലം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 50 ശതമാനത്തോളം ഉയർന്നിട്ടുണ്ട്. സൂയസ് കനാൽ ഉൾപ്പെടുന്ന ചെങ്കടൽ പാത കൂടി പ്രതിസന്ധിയിലായാൽ ലോകം വലിയ സാമ്പത്തിക തകർച്ചയെ നേരിടേണ്ടി വരും. ആഗോള വ്യാപാരത്തിന്റെ 12 ശതമാനവും നടക്കുന്നത് ഈ പാതയിലൂടെയാണ്. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഏറ്റവും ഹ്രസ്വമായ ചരക്കുപാതയാണിത്.
The post പശ്ചിമേഷ്യൻ യുദ്ധം വ്യാപിക്കുന്നു; ഇറാനൊപ്പം ഹൂതികളും, ഇസ്രയേലിലേക്ക് മിസൈൽ വർഷം appeared first on Express Kerala.




