ഡൽഹി: ഉത്തരേന്ത്യയിലെ കനത്ത പുകമഞ്ഞും മഞ്ഞുവീഴ്ചയും കാരണം ലഖ്‌നൗവിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ പാർലമെന്റിൽ രസകരമായ വാക്പോര്. കേരളത്തിൽ നിന്നുള്ള എംപി ശശി തരൂരും ബിസിസിഐ വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ രാജീവ് ശുക്ലയുമാണ് ക്രിക്കറ്റ് മത്സരക്രമങ്ങളെച്ചൊല്ലി സഭയിൽ കൊമ്പുകോർത്തത്.
ശ്വസിക്കാൻ പോലും പ്രയാസമനുഭവപ്പെടുന്ന പുകമഞ്ഞുള്ള ഉത്തരേന്ത്യയിൽ ഈ സമയത്ത് മത്സരം നിശ്ചയിച്ചത് ബിസിസിഐയുടെ പക്ഷപാതപരമായ തീരുമാനമാണെന്ന് ശശി തരൂർ വിമർശിച്ചു. കാലാവസ്ഥാ പ്രശ്നങ്ങളില്ലാത്ത കേരളത്തിലേക്ക് ഇത്തരം മത്സരങ്ങൾ മാറ്റി വെച്ചുകൂടായിരുന്നോ എന്ന തരൂരിന്റെ ചോദ്യമാണ് സഭയിൽ ചർച്ചയായത്. ജനുവരിയിലെ മത്സരക്രമം തീരുമാനിക്കുമ്പോൾ ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ബിസിസിഐ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
Also Read: ഒമാന്റെ ആദരം ഏറ്റുവാങ്ങി മോദി; മലയാളികൾക്ക് സർപ്രൈസായി ‘സുഖമാണോ’ എന്ന ചോദ്യം
എന്നാൽ, ബിസിസിഐയുടെ റൊട്ടേഷൻ പോളിസി പ്രകാരം എല്ലാ സംസ്ഥാനങ്ങൾക്കും മത്സരങ്ങൾ അനുവദിക്കുന്നുണ്ടെന്നും കേരളത്തെ അവഗണിക്കുന്നില്ലെന്നും രാജീവ് ശുക്ല ഇതിന് മറുപടി നൽകി. ശൈത്യകാലത്ത് കേരളത്തിൽ കളി നടത്തുന്നതിന് ഒരു തടസ്സവുമില്ലെന്ന് തരൂർ ആവർത്തിച്ചപ്പോൾ, “എന്നാൽപ്പിന്നെ എല്ലാ മത്സരങ്ങളും തിരുവനന്തപുരത്ത് തന്നെ നടത്താമല്ലോ” എന്നായിരുന്നു രാജീവ് ശുക്ലയുടെ പരിഹാസരൂപേണയുള്ള മറുപടി.
ലഖ്‌നൗവിലെ ഏക്നാ സ്റ്റേഡിയത്തിൽ ടോസ് പോലും ഇടാൻ കഴിയാത്ത വിധം മഞ്ഞുവീഴ്ച രൂക്ഷമായിരുന്നു. വരും വർഷങ്ങളിൽ ശൈത്യകാലത്തെ മത്സരങ്ങൾക്കായി ദക്ഷിണേന്ത്യൻ സ്റ്റേഡിയങ്ങൾക്ക് മുൻഗണന നൽകണമെന്ന ആവശ്യം തരൂർ ശക്തമായി ഉന്നയിച്ചതോടെ ബിസിസിഐയുടെ മത്സരക്രമീകരണ നയങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.
The post എന്നാൽപ്പിന്നെ എല്ലാ കളിയും കേരളത്തിൽ നടത്താം! ശശി തരൂരിന്റെ ചോദ്യത്തിന് രാജീവ് ശുക്ലയുടെ ചുട്ട മറുപടി appeared first on Express Kerala.


