
ക്രിക്കറ്റ് താരങ്ങളുടെ കരിയർ തീരുമാനിക്കുന്നതിൽ ഭാര്യമാർക്കും കുടുംബത്തിനും പങ്കുണ്ടെന്നും ഇത് പലപ്പോഴും താരങ്ങളുടെ വിരമിക്കലിന് കാരണമാകുന്നുവെന്നും ആരോപിച്ച് യോഗ്‌രാജ് സിംഗ് രംഗത്തെത്തി. പ്രായമല്ല, മറിച്ച് ഫിറ്റ്‌നസും പ്രകടനവുമാണ് ഒരു കളിക്കാരന്റെ കരിയറിന്റെ മാനദണ്ഡമെന്ന് പറഞ്ഞ അദ്ദേഹം, 40 വയസ്സിന് ശേഷം ഇന്ത്യക്കാർ പ്രായത്തെക്കുറിച്ച് അമിതമായി ആശങ്കപ്പെടുന്നുവെന്നും കുറ്റപ്പെടുത്തി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ വിവാദ പ്രതികരണം.
കുടുംബത്തിലും കുട്ടികളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറഞ്ഞ് ഭാര്യമാർ താരങ്ങളെ വിരമിക്കാനായി നിർബന്ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. “ഒരു കായികതാരത്തിനും അവരുടെ കരിയറിനും ഇടയിൽ സ്ത്രീകൾ തടസ്സമാകരുത്. സ്പോർട്സിനെ പ്രായവുമായി ബന്ധപ്പെടുത്തുന്നത് തെറ്റാണ്. ഒരു കളിക്കാരൻ ദൈവത്തിന്റേതാണ്, അവർക്ക് എത്രകാലം വേണമെങ്കിലും മികച്ച രീതിയിൽ തുടരാൻ കഴിയും,” യോഗ്‌രാജ് സിംഗ് കൂട്ടിച്ചേർത്തു. 30 വയസ്സിന് ശേഷം സ്ത്രീകൾക്ക് ഫിറ്റ്‌നസ് നിലനിർത്താൻ കഴിയില്ലെന്ന തരത്തിലുള്ള പരാമർശവും അദ്ദേഹം നടത്തി.
Also Read:‘ബിർളയുടെ പണം പണി തുടങ്ങി’; ആർസിബി-സൺറൈസേഴ്‌സ് പോരാട്ടത്തിലെ വിവാദ ക്യാച്ചിൽ അമ്പയർക്കെതിരെ ആരാധകർ
നേരത്തെയും ഇന്ത്യൻ ക്രിക്കറ്റിലെ പ്രമുഖ താരങ്ങൾക്കും ബിസിസിഐയ്ക്കും എതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തി യോഗ്‌രാജ് സിംഗ് വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ ഇത്തവണ സ്ത്രീവിരുദ്ധമായ പരാമർശം കൂടി നടത്തിയതോടെ സ്പോർട്സ് ആരാധകർക്കിടയിൽ നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. താരങ്ങളുടെ സ്വകാര്യ ജീവിതത്തെയും കുടുംബത്തെയും അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം.
The post ‘താരങ്ങളെ വിരമിപ്പിക്കുന്നത് ഭാര്യമാർ’; വിവാദ പ്രസ്താവനയുമായി യോഗ്‌രാജ് സിംഗ്, പ്രതിഷേധം ശക്തം appeared first on Express Kerala.




