
ഈസ്റ്റർ, വിഷു ആഘോഷങ്ങൾ പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് പരിഹരിക്കാനായി ഏപ്രിൽ ഒന്നു മുതൽ 21 വരെ പ്രത്യേക അധിക സർവീസുകൾ നടത്താൻ കെഎസ്ആർടിസി തീരുമാനിച്ചു. പെസഹ, ദുഃഖവെള്ളി, ഈസ്റ്റർ, വിഷു തുടങ്ങിയ തുടർച്ചയായ അവധി ദിനങ്ങളിൽ നാട്ടിലേക്ക് മടങ്ങുന്നവർക്കും തിരികെ പോകുന്നവർക്കും ഈ തീരുമാനം വലിയ ആശ്വാസമാകും.
ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചുമായി 42 അധിക സർവീസുകളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാലാ, തൃശൂർ, കോഴിക്കോട്, ബത്തേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കെല്ലാം ഈ പ്രത്യേക സർവീസുകൾ ലഭ്യമാകും.
Also Read:വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി; ‘ഡീൽ’ ആരോപണം യുഡിഎഫിന്റെ രാഷ്ട്രീയ നുണയെന്ന് പിണറായി
തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ അധികമായി 13 ബസുകൾ കൂടി സജ്ജമാക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ ഏപ്രിൽ ഒമ്പതിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നാട്ടിലേക്ക് വരാൻ ട്രെയിൻ ടിക്കറ്റുകൾ ലഭിക്കാതെ യാത്രക്കാർ വലയുന്ന സാഹചര്യം പരിഗണിച്ചാണ് പരമാവധി ബസുകൾ നിരത്തിലിറക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്. യാത്രക്കാർക്ക് കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ, നിശ്ചിത സ്റ്റോപ്പുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഇറങ്ങേണ്ട യാത്രക്കാർക്ക് 20 രൂപ അധികം നൽകിയാൽ ബസ് നിർത്തിക്കൊടുക്കുന്ന സൗകര്യവും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.
The post ഈസ്റ്റർ-വിഷു വിപണി ലക്ഷ്യമിട്ട് കെഎസ്ആർടിസി; 21 വരെ പ്രത്യേക സർവീസുകൾ! ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം appeared first on Express Kerala.




