
തിരഞ്ഞെടുപ്പ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എക്സൈസും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. ആറ് ബാഗുകളിലായി കടത്താൻ ശ്രമിച്ച ഏകദേശം 50 കിലോയിലധികം (50.058 കിലോ) കഞ്ചാവുമായി എറണാകുളം സ്വദേശി ജലീൽ ജോസിനെ (30) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
മേഘാലയയിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിച്ച കഞ്ചാവ് ചെങ്ങന്നൂർ കേന്ദ്രീകരിച്ച് വിതരണം ചെയ്യാനായിരുന്നു പ്രതിയുടെ ലക്ഷ്യം. റെയിൽവേ പ്ലാറ്റ്‌ഫോമിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട പ്രതിയെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് നാല് ട്രോളി ബാഗുകളിലും രണ്ട് ട്രാവൽ ബാഗുകളിലുമായി അതീവ രഹസ്യമായി സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
Also Read:ആറ്റിങ്ങലിലെ ആരാധനാലയത്തിലെ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
ചെങ്ങന്നൂർ മേഖലയിൽ ലഹരിക്കടത്ത് സംഘങ്ങൾ സജീവമാണെന്നതിന്റെ സൂചനയാണ് ഈ ലഹരിവേട്ട നൽകുന്നത്. രണ്ട് ദിവസം മുൻപ് ഇതേ സ്റ്റേഷൻ പരിധിയിൽ നിന്ന് 20 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയിരുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരിശോധനകൾ കർശനമാക്കിയതോടെയാണ് തുടർച്ചയായ ലഹരിമരുന്ന് വേട്ടകൾ നടക്കുന്നത്. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വി, ആർപിഎഫ് ഇൻസ്പെക്ടർമാരായ വി.ടി. ദിലീപ്, ജിപിൻ എ.ജെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
The post ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരിവേട്ട; 50 കിലോ കഞ്ചാവുമായി എറണാകുളം സ്വദേശി പിടിയിൽ appeared first on Express Kerala.




