
മിഡിൽ ഈസ്റ്റിൽ സമാധാനം തകർത്ത് വീണ്ടും ഒരു അധിനിവേശത്തിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കോപ്പുകൂട്ടുന്നു. ഇറാന്റെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട്, ആ രാജ്യത്തിന്റെ വിലപ്പെട്ട എണ്ണസമ്പത്ത് കൈക്കലാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ആയിരക്കണക്കിന് അമേരിക്കൻ സൈനികരെ മേഖലയിലേക്ക് വിന്യസിച്ചുകൊണ്ട്, ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന ഭീഷണിയാണ് അമേരിക്ക ഉയർത്തുന്നത്.
ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ, ഇറാന്റെ എണ്ണസമ്പത്തിനോടുള്ള തന്റെ ആർത്തി ട്രംപ് ഒളിപ്പിച്ചു വെച്ചില്ല. ലോകത്തെ ഊർജ്ജ വിപണിയെ സ്വന്തം നിയന്ത്രണത്തിലാക്കാൻ ഒരു പരമാധികാര രാഷ്ട്രത്തിന് മേൽ അനാവശ്യമായ യുദ്ധം അടിച്ചേൽപ്പിക്കാനാണ് അമേരിക്കൻ നീക്കം. ഇതിന്റെ ഫലമായി ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുകയും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാവുകയും ചെയ്തിരിക്കുകയാണ്.
ഇറാന്റെ എണ്ണ കയറ്റുമതിയുടെ കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നത് അത്ര എളുപ്പമായിരിക്കില്ലെന്ന് സൈനിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും, അഹങ്കാരത്തോടെയുള്ള പ്രസ്താവനകളാണ് ട്രംപ് നടത്തുന്നത്. ഇറാന് പ്രതിരോധമില്ലെന്നും വളരെ എളുപ്പത്തിൽ ആ രാജ്യം കീഴടക്കാമെന്നുമുള്ള അമേരിക്കൻ കണക്കുകൂട്ടലുകൾ വലിയൊരു ദുരന്തത്തിലേക്കുള്ള തുടകമാവുകയാണ്. 10,000 സൈനികരെയും മറൈനുകളെയും വിന്യസിച്ചുകൊണ്ട് മേഖലയിൽ ഭീതി പടർത്തുകയാണ് അമേരിക്ക. എന്നാൽ ഇതിൽ ഒന്നും പകച്ചുപോവതെ ഇന്നും ലോകത്തിന് മുൻപിൽ തലയുർത്തി നിൽക്കുകയാണ് ഇറാൻ.
അമേരിക്കയുടെ ഈ ഏകപക്ഷീയമായ ആക്രമണോത്സുകതയ്‌ക്കെതിരെ ശക്തമായ പ്രതിരോധമാണ് മേഖലയിൽ ഉയരുന്നത്. സൗദി അറേബ്യയിലെ അമേരക്കൻ വ്യോമതാവളത്തിന് നേരെയുണ്ടായ തിരിച്ചടിയിൽ അമേരിക്കയുടെ അത്യാധുനിക നിരീക്ഷണ വിമാനത്തിന് കേടുപാടുകൾ സംഭവിക്കുകയും സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്വന്തം മണ്ണും വിഭവങ്ങളും സംരക്ഷിക്കാൻ ഇറാൻ നടത്തുന്ന പോരാട്ടത്തിന് പിന്തുണയുമായി യെമനിലെ ഹൂതികളും രംഗത്തുണ്ട്.
സമാധാന ചർച്ചകളെക്കുറിച്ച് സംസാരിക്കുമ്പോഴും ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളെ തകർക്കുമെന്ന ഭീഷണി ട്രംപ് തുടരുകയാണ്. പതിനായിരക്കണക്കിന് ലക്ഷ്യസ്ഥാനങ്ങൾ ബോംബിട്ട് തകർക്കുമെന്ന് വീമ്പു പറയുന്ന അമേരിക്കൻ പ്രസിഡന്റ്, ഒരു ജനതയുടെ അതിജീവന കരുത്തിനെ വിസ്മരിക്കുകയാണ്. ഏപ്രിൽ 6 വരെ സമയം നൽകിക്കൊണ്ട് ഇറാനെ സമ്മർദ്ദത്തിലാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. എന്നാൽ ഇതിൽ ഒന്നും ഇറാൻ സമ്മർദ്ദത്തിൽ ആവുന്നില്ല എന്നതാണ് വാസ്തവം.
Also Read: പന്ത്രണ്ട് ചന്ദ്രയാത്രക്കാരും ഒരു പുതിയ യുഗവും; മനുഷ്യരാശി ചന്ദ്രനിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോൾ
യുദ്ധഭീഷണികൾക്കിടയിലും അയൽരാജ്യമായ പാകിസ്ഥാനുമായി സഹകരിച്ച് ഇറാൻ കാണിക്കുന്ന നയതന്ത്രപരമായ വിവേകം ശ്രദ്ധേയമാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ടാങ്കറുകളുടെ സുഗമമായ യാത്ര അനുവദിച്ചുകൊണ്ട് മേഖലയിൽ സംഘർഷം ലഘൂകരിക്കാൻ ഇറാൻ ശ്രമിക്കുമ്പോഴും, അതിനെ സ്വന്തം വിജയമായി വ്യാഖ്യാനിക്കാനാണ് ട്രംപ് തുനിയുന്നത്.
ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനും ഭരണമാറ്റം എന്ന അജണ്ട നടപ്പിലാക്കാനും അമേരിക്ക നടത്തുന്ന ശ്രമങ്ങൾ ജനാധിപത്യവിരുദ്ധമാണ്. ഇറാന്റെ നേതാക്കളെക്കുറിച്ചും ഭരണകൂടത്തെക്കുറിച്ചും അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിച്ചുകൊണ്ട് ആ രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. അന്തരിച്ച നേതാക്കളുടെ പിൻഗാമികളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്.
അധിനിവേശത്തിന്റെ കറുത്ത ചരിത്രമുള്ള അമേരിക്ക, ഇറാന്റെ എണ്ണക്കണ്ണുകളിൽ കണ്ണുവെക്കുന്നത് ലോകസമാധാനത്തിന് ഭീഷണിയാണ്. സ്വന്തം സാമ്പത്തിക താൽപ്പര്യങ്ങൾക്കായി ഒരു രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. അമേരിക്കൻ സൈനികരുടെ വിന്യാസം മേഖലയിൽ അസ്ഥിരത വർദ്ധിപ്പിക്കുക മാത്രമേ ചെയ്യൂ എന്ന് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നു.
ഇറാന്റെ കരുത്തുറ്റ പ്രതിരോധവും നയതന്ത്ര നീക്കങ്ങളും അമേരിക്കൻ സാമ്രാജ്യത്വത്തിന് വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. എണ്ണ കവരാൻ വരുന്നവരെ സ്വന്തം മണ്ണിൽ നിന്ന് തുരത്താൻ ഇറാന് കഴിയുമെന്ന് തന്നെയാണ് ആ രാജ്യം നൽകുന്ന സൂചന. ഈ സംഘർഷം ആഗോള ഊർജ്ജ പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ, അമേരിക്കയുടെ യുദ്ധക്കൊതിക്ക് വലിയ വില നൽകേണ്ടി വരുന്നത് ലോകജനതയായിരിക്കും.
The post സിംഹത്തിന്റെ മടയിൽ കൈയിടാൻ അമേരിക്ക; ഖാർഗ് ദ്വീപിന് കാവലായി ഇറാന്റെ കരുത്തുറ്റ സൈന്യം! appeared first on Express Kerala.



