
ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നായ ചൈനയിൽ നിന്ന് 2026 പകുതിയോടെ പിന്മാറാൻ പ്രമുഖ കാർ നിർമ്മാതാക്കളായ സ്കോഡ ഒരുങ്ങുന്നു. ഒരുകാലത്ത് സ്കോഡയുടെ ഏറ്റവും വലിയ ആഗോള വിപണിയായിരുന്ന ചൈനയിൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിൽപ്പനയിലുണ്ടായ വൻ ഇടിവാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് കമ്പനിയെ നയിച്ചത്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഭാഗമായ ഈ ചെക്ക് ബ്രാൻഡിന് ചൈനയിലെ പ്രവർത്തനങ്ങൾ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
തകർച്ചയുടെ കണക്കുകൾ
2016 നും 2018 നും ഇടയിലുള്ള കാലയളവിൽ പ്രതിവർഷം 3 ലക്ഷത്തിലധികം കാറുകളാണ് സ്കോഡ ചൈനയിൽ വിറ്റഴിച്ചിരുന്നത്. എന്നാൽ 2025-ഓടെ ഇത് വെറും 15,000 യൂണിറ്റുകളായി ചുരുങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്കോഡയുടെ ആഗോള ബിസിനസിന്റെ നട്ടെല്ലായിരുന്ന ഒരു വിപണിയിൽ നിന്നാണ് ഈ നാടകീയമായ പിന്മാറ്റം.
Also Read:ലൈസൻസ് കാലാവധി കഴിഞ്ഞോ? ഇനി പേടിക്കേണ്ട; വാഹന നിയമത്തിൽ നിർണ്ണായക മാറ്റങ്ങൾ
എന്തുകൊണ്ട് സ്കോഡയ്ക്ക് പിടിച്ചുനിൽക്കാനായില്ല?
ചൈനീസ് വിപണി അതിവേഗം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയതാണ് സ്കോഡയ്ക്ക് തിരിച്ചടിയായത്. ബിവൈഡി , ഗീലിതുടങ്ങിയ പ്രാദേശിക ചൈനീസ് ബ്രാൻഡുകൾ അത്യാധുനിക സാങ്കേതികവിദ്യയുള്ള ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകൾ കുറഞ്ഞ വിലയിൽ വിപണിയിലെത്തിച്ചു. എന്നാൽ സ്കോഡ ഇപ്പോഴും തങ്ങളുടെ പരമ്പരാഗത പെട്രോൾ/ഡീസൽ മോഡലുകളെ അമിതമായി ആശ്രയിച്ചതാണ് തിരിച്ചടിയായത്. ഉപഭോക്താക്കളുടെ താൽപ്പര്യം ഇലക്ട്രിക് കാറുകളിലേക്ക് മാറിയപ്പോൾ സ്കോഡയുടെ വിപണി വിഹിതം നഷ്ടപ്പെട്ടു.
ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ട
2026 പകുതി വരെ നിലവിലുള്ള മോഡലുകളുടെ വിൽപ്പന തുടരും. പുതിയ കാർ വിൽപ്പന അവസാനിപ്പിച്ചാലും ചൈനയിലെ നിലവിലുള്ള സ്കോഡ ഉടമകൾക്ക് ആശങ്ക വേണ്ടെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. വാറന്റി കവറേജ്, സ്പെയർ പാർട്‌സ് ലഭ്യത, സർവീസ് പിന്തുണ എന്നിവ തുടർന്നും ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കി.
The post ചൈനയോട് വിടപറയാൻ സ്കോഡ; 2026 പകുതിയോടെ വിപണിയിൽ നിന്ന് പൂർണ്ണമായും പിന്മാറും appeared first on Express Kerala.



