
കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉണ്ടായത് സമാനതകളില്ലാത്ത വികസനമാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനകളെയും തടസ്സങ്ങളെയും അതിജീവിച്ചാണ് എൽ.ഡി.എഫ് സർക്കാർ ഈ നേട്ടങ്ങൾ കൈവരിച്ചത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ ബിജെപി തങ്ങളുടെ അജണ്ടകൾ എളുപ്പത്തിൽ നടപ്പിലാക്കുമ്പോൾ കേരളത്തിൽ അത് സാധിക്കാത്തത് ഇവിടെ ശക്തമായ ഇടതുപക്ഷം നിലനിൽക്കുന്നത് കൊണ്ടാണെന്നും അവർ പറഞ്ഞു.
നരേന്ദ്ര മോദി സർക്കാർ കൊണ്ടുവരുന്ന നിയമങ്ങൾ ജനാധിപത്യ വിരുദ്ധമായി ‘ബുൾഡോസ്’ ചെയ്ത് നടപ്പിലാക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങൾ രാജ്യത്ത് കടുത്ത ആക്രമണങ്ങൾ നേരിടുകയാണ്. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനാണ് കേന്ദ്ര നീക്കം. വിവാദമായ എഫ്.സി.ആർ.എ (FCRA) ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും, മോദി നിലകൊള്ളുന്നത് അദാനി, അംബാനി, അമേരിക്ക എന്നീ മൂന്ന് ശക്തികൾക്ക് വേണ്ടിയാണെന്നും ബൃന്ദാ കാരാട്ട് പരിഹസിച്ചു.
Also Read:കേരളം കണ്ട ഏറ്റവും വലിയ കപട രാഷ്ട്രീയക്കാരൻ; മുഖ്യമന്ത്രിയെ വിമർശിച്ച് വി.ഡി. സതീശൻ
കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ അവർ ഭരിക്കുന്ന കർണാടകയിലോ തെലങ്കാനയിലോ എവിടെയും നടപ്പിലാക്കിയിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ഹരിയാനയിലെ കോൺഗ്രസ് നേതാക്കൾ പണം വാങ്ങി ബിജെപിയിലേക്ക് ചേക്കേറുന്ന സാഹചര്യത്തിൽ ജനങ്ങൾ എങ്ങനെയാണ് അവരെ വിശ്വസിക്കുകയെന്നും അവർ ചോദിച്ചു. കേരളത്തിലെ മതസൗഹാർദ്ദപരമായ നിലപാടുകളും വികസനവുമാണ് എൽ.ഡി.എഫിനെ വ്യത്യസ്തമാക്കുന്നത്. സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരമില്ലെന്നും വികസനത്തിന്റെ പേരിലാണ് വോട്ട് തേടുന്നതെന്നും അവർ വ്യക്തമാക്കി.
വയനാട് ദുരന്തബാധിതർക്കായി എൽ.ഡി.എഫ് സർക്കാർ ടൗൺഷിപ്പ് നിർമ്മിച്ചപ്പോൾ യു.ഡി.എഫ് എവിടെയായിരുന്നുവെന്നും, എത്ര രൂപ പിരിച്ചു എന്നതിൽ പോലും അവർക്ക് കൃത്യതയില്ലെന്നും ബൃന്ദാ കാരാട്ട് വിമർശിച്ചു. കേന്ദ്ര ബജറ്റുകൾ പോലും കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ളതാണെന്നും കേരളത്തിന്റെ വികസന മാതൃകയെ തകർക്കാനാണ് കേന്ദ്ര ശ്രമമെന്നും അവർ കൂട്ടിച്ചേർത്തു.
The post മോദി നിൽക്കുന്നത് അദാനിക്കും അംബാനിക്കും വേണ്ടി; കേരളത്തിൽ ബിജെപി അജണ്ട നടപ്പാവില്ല! ബൃന്ദാ കാരാട്ട് appeared first on Express Kerala.




