അറബ് സുരക്ഷയ്ക്ക് സംയുക്ത പ്രതിരോധം; ഇറാന്റെ ഇടപെടലുകൾക്കെതിരെ അറബ് ലീഗ്

അറബ് സുരക്ഷയ്ക്ക് സംയുക്ത പ്രതിരോധം; ഇറാന്റെ ഇടപെടലുകൾക്കെതിരെ അറബ് ലീഗ്

ൾഫ് മേഖലയിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾക്കെതിരെ ആഗോളതലത്തിൽ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ട് അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ കൗൺസിൽ. യുഎഇ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്കും ജോർദാൻ, ഇറാഖ് എന്നിവയ്ക്കും നേരെ ഇറാൻ നടത്തുന്ന ആസൂത്രിത നീക്കങ്ങളെ കൗൺസിൽ കടുത്ത ഭാഷയിൽ അപലപിച്ചു. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുടെ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസിങ് വഴി ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്.

അറബ് രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കൗൺസിൽ, സുരക്ഷ ഉറപ്പാക്കാൻ കൂട്ടായ പ്രതിരോധത്തിന് ആഹ്വാനം ചെയ്തു. ജനവാസ മേഖലകളെയും നയതന്ത്ര കാര്യാലയങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഇസ്‌ലാമിക സാഹോദര്യത്തിന് വിരുദ്ധമാണെന്ന് യോഗം വിലയിരുത്തി. ആക്രമണം നേരിടുന്ന സാഹചര്യത്തിൽ രാജ്യങ്ങൾക്ക് വ്യക്തിപരമായോ സംയുക്തമായോ പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് കൗൺസിൽ പ്രഖ്യാപിച്ചു.

Also Read: ഗൾഫിൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് പുതിയ സംവിധാനം; മലയാളി നഴ്സുമാർ തൊഴിൽ പ്രതിസന്ധിയിൽ

ഹോർമുസ് കടലിടുക്കിലെയും ബാബ് അൽ മന്ദബിലെയും കപ്പൽ ഗതാഗതം തടസ്സപ്പെടുത്താനുള്ള ഇറാന്റെ നീക്കങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ഊർജ സുരക്ഷയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. സമുദ്രയാത്ര സ്വാതന്ത്ര്യം ഉറപ്പാക്കാൻ രാജ്യാന്തര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ആക്രമണങ്ങൾക്ക് ഇരയായവർക്ക് നഷ്ടപരിഹാരം നൽകണമെന്നും അറബ് ലീഗ് ആവശ്യപ്പെട്ടു.

ലബനാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇറാന്റെ ഇടപെടൽ അവസാനിപ്പിക്കണമെന്നും ലബനാൻ ഭരണകൂടത്തിന് മാത്രമേ ആയുധം കൈവശം വയ്ക്കാൻ അധികാരമുള്ളൂവെന്നും കൗൺസിൽ ഓർമ്മിപ്പിച്ചു. ഹിസ്ബുള്ളയുടെ സൈനിക പ്രവർത്തനങ്ങൾ നിരോധിച്ചുകൊണ്ടുള്ള തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു. ഒപ്പം, 1967-ലെ അതിർത്തികൾ പ്രകാരം കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കണമെന്ന തങ്ങളുടെ ഉറച്ച നിലപാട് അറബ് ലീഗ് ആവർത്തിച്ചു. അൽ അഖ്‌സ പള്ളിയിലെ ചരിത്രപരമായ പദവികൾ ലംഘിക്കരുതെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ട കൗൺസിൽ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഒത്തൊരുമിച്ച് നീങ്ങുമെന്ന് വ്യക്തമാക്കി.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post അറബ് സുരക്ഷയ്ക്ക് സംയുക്ത പ്രതിരോധം; ഇറാന്റെ ഇടപെടലുകൾക്കെതിരെ അറബ് ലീഗ് appeared first on Express Kerala.

Spread the love
Scroll to Top