
ബിജെപിയിൽ കടുത്ത ജാതി വിവേചനം നേരിട്ടതായി ആലത്തൂരിലെ മുൻ ലോക്സഭാ സ്ഥാനാർത്ഥി ഡോ. ടി.എൻ. സരസു. പാർട്ടിയിലെ ദളിത് വിഭാഗക്കാരോടുള്ള അവഗണന തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും വോട്ടിന് വേണ്ടി മാത്രമാണ് താഴ്ന്ന ജാതിക്കാരെ ബിജെപിക്ക് ആവശ്യമെന്നും അവർ തുറന്നടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിൽ പരാതിയില്ലെങ്കിലും പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് പോലും തന്നെ ബോധപൂർവ്വം മാറ്റിനിർത്തിയതായി അവർ ആരോപിച്ചു.
ഗുരുവായൂർ, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിലെ പ്രചാരണത്തിൽ പങ്കെടുക്കാൻ താല്പര്യം അറിയിച്ചിട്ടും പാർട്ടി നേതൃത്വം അത് നിരസിക്കുകയായിരുന്നു. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെയും ഡോ. സരസു വിമർശനം ഉന്നയിച്ചു. അദ്ദേഹത്തിന് ഒരു ബിസിനസ് മൈൻഡ് ആണെന്നും രാഷ്ട്രീയപരമായ സമീപനമല്ല ഉള്ളതെന്നും അവർ പറഞ്ഞു.
Also Read: സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി ടിവികെ അധ്യക്ഷൻ വിജയ്
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ ബിജെപിക്ക് വേണ്ടി മികച്ച മുന്നേറ്റം കാഴ്ചവെച്ച സ്ഥാനാർത്ഥിയായിരുന്നു ഡോ. സരസു. 2019-ൽ എൻഡിഎ സ്ഥാനാർത്ഥി നേടിയതിനേക്കാൾ ഒരു ലക്ഷത്തോളം വോട്ടുകൾ അധികം നേടാൻ അവർക്ക് സാധിച്ചിരുന്നു. ഗുരുവായൂരിൽ ബി. ഗോപാലകൃഷ്ണനും കൊടുങ്ങല്ലൂരിൽ ട്വന്റി ട്വന്റിയുടെ ഡോ. വർഗീസ് ജോർജുമാണ് ഇത്തവണ എൻഡിഎ സ്ഥാനാർത്ഥികൾ.
The post രാജീവ് ചന്ദ്രശേഖറിന് ബിസിനസ് മൈൻഡ്! തന്നെ പ്രചാരണത്തിൽ നിന്ന് പോലും ഒഴിവാക്കി; ബിജെപിക്കെതിരെ ഡോ. സരസു appeared first on Express Kerala.




