ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനവുമായി ഇൻസ്റ്റാഗ്രാം. ‘ഇൻസ്റ്റാഗ്രാം പ്ലസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം നിലവിൽ മെക്സിക്കോ, ജപ്പാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചു കഴിഞ്ഞു. സ്നാപ്ചാറ്റ് പ്ലസിന് ലഭിച്ച വൻ സ്വീകാര്യത കണക്കിലെടുത്താണ് മെറ്റയുടെ ഈ പുതിയ നീക്കം.
മെറ്റ വെരിഫൈഡിൽ നിന്ന് വ്യത്യസ്തമായി, സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന രസകരമായ ഫീച്ചറുകളാണ് ഇൻസ്റ്റാഗ്രാം പ്ലസിലുള്ളത്. രഹസ്യമായി സ്റ്റോറി കാണാം: മറ്റൊരാൾ പങ്കുവെച്ച സ്റ്റോറി അവർ അറിയാതെ തന്നെ കാണാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും. നിങ്ങളുടെ സ്റ്റോറികൾ ആരൊക്കെ എത്ര തവണ വീണ്ടും കണ്ടു എന്ന് സബ്സ്ക്രൈബർമാർക്ക് മനസ്സിലാക്കാം.
Also Read: “പഠിക്കാൻ പോയി പാസായി വരണേ..!”; ലക്ഷങ്ങൾ ഫീസ് നൽകി വളർത്തുനായയെ കിന്റർഗാർട്ടനിലാക്കുന്ന ചൈനീസ് യുവതി
സാധാരണ 24 മണിക്കൂർ മാത്രം നിലനിൽക്കുന്ന സ്റ്റോറികൾ അധികമായി ഒരു ദിവസം കൂടി (ആകെ 48 മണിക്കൂർ) നിലനിർത്താം. ആഴ്ചയിലൊരിക്കൽ ഒരു സ്റ്റോറി കൂടുതൽ ഫോളോവേഴ്സിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ‘സ്പോട്ട്ലൈറ്റ്’ ചെയ്യാം. സ്റ്റോറികൾക്കായി പ്രത്യേക ആനിമേഷൻ ‘സൂപ്പർ ലൈക്കുകൾ’, സ്റ്റോറി കണ്ടവരുടെ പട്ടികയിൽ സെർച്ച് ഓപ്ഷൻ, പരിധിയില്ലാത്ത ഗ്രൂപ്പ് ലിസ്റ്റുകൾ എന്നിവയും ലഭിക്കും.
രാജ്യങ്ങൾക്കനുസരിച്ച് സബ്സ്ക്രിപ്ഷൻ നിരക്കിൽ മാറ്റമുണ്ട്. മെക്സിക്കോയിൽ പ്രതിമാസം ഏകദേശം 180 രൂപ ($2.20), ജപ്പാനിൽ ഏകദേശം 165 രൂപ ഫിലിപ്പീൻസിൽ ഏകദേശം 90 രൂപ എന്നിങ്ങനെയാണ് നിലവിലെ നിരക്കുകൾ. കണ്ടന്റ് ക്രിയേറ്റർമാരെയും ബിസിനസ് സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടല്ല, മറിച്ച് ഇൻസ്റ്റാഗ്രാം സജീവമായി ഉപയോഗിക്കുന്ന സാധാരണക്കാരെ മുൻനിർത്തിയാണ് ഈ മാറ്റം. നിലവിൽ പരീക്ഷണഘട്ടത്തിലുള്ള ഈ സേവനം വരും മാസങ്ങളിൽ ഇന്ത്യയുൾപ്പെടെയുള്ള കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് മെറ്റയുടെ തീരുമാനം. വാട്സാപ്പ്, ഫേസ്ബുക്ക് എന്നിവയിലും സമാനമായ പ്ലാനുകൾ മെറ്റ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
The post സ്റ്റോറി കണ്ടത് ആരും അറിയില്ല; ഇൻസ്റ്റാഗ്രാമിൽ വൻ മാറ്റങ്ങളുമായി മെറ്റയുടെ ‘സബ്സ്ക്രിപ്ഷൻ’ പ്ലാൻ! appeared first on Express Kerala.




