
ഫുട്ബോൾ ലോകത്തെ വീണ്ടും ഞെട്ടിച്ചുകൊണ്ട് നാല് തവണ ലോകചാമ്പ്യന്മാരായ ഇറ്റലി ഫിഫ ലോകകപ്പിന് യോഗ്യത നേടാനാകാതെ പുറത്തായി. ബോസ്നിയ ആൻഡ് ഹെർസഗോവിനയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതോടെയാണ് ഇറ്റലിയുടെ ലോകകപ്പ് സ്വപ്നങ്ങൾ തുടർച്ചയായ മൂന്നാം വട്ടവും തകർന്നടിഞ്ഞത്. സെനിക്കയിൽ നടന്ന വാശിയേറിയ പ്ലേഓഫ് പോരാട്ടത്തിൽ നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ 4-1 എന്ന സ്കോറിനാണ് ബോസ്നിയ തങ്ങളുടെ ചരിത്രവിജയം സ്വന്തമാക്കിയത്.
ജെനാറോ ഗാട്ടൂസോയുടെ പരിശീലനത്തിന് കീഴിലിറങ്ങിയ ഇറ്റലിക്ക് വേണ്ടി പതിനഞ്ചാം മിനിറ്റിൽ തന്നെ മോയ്സ് കീൻ ലീഡ് നേടിയിരുന്നു. എന്നാൽ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ പ്രതിരോധ താരം അലസ്സാൻഡ്രോ ബാസ്റ്റോണി ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഇറ്റലിക്ക് വലിയ തിരിച്ചടിയായി. പത്തുപേരായി ചുരുങ്ങിയിട്ടും പൊരുതിനിന്ന ഇറ്റലിക്കെതിരെ 79-ാം മിനിറ്റിൽ ഹാരിസ് ടബാക്കോവിച്ചിലൂടെ ബോസ്നിയ സമനില ഗോൾ കണ്ടെത്തി. തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ ബോസ്നിയൻ താരങ്ങൾ ആത്മവിശ്വാസത്തോടെ ലക്ഷ്യം കണ്ടപ്പോൾ ഇറ്റാലിയൻ താരങ്ങൾക്ക് പിഴച്ചു.
Also Read:വിരമിക്കില്ല, ബോറടിക്കുമ്പോൾ കളി നിർത്തും; തന്നെ തഴയുന്നതിനെതിരെ കടുത്ത ഭാഷയിൽ മുഹമ്മദ് ഷമി
2006-ൽ ലോകകപ്പ് കിരീടം ഉയർത്തിയ ഇറ്റലിക്ക് 2014-ന് ശേഷം പിന്നീട് ഒരിക്കൽ പോലും ലോകകപ്പിന് യോഗ്യത നേടാനായിട്ടില്ല. 2018-ൽ സ്വീഡനോടും 2022-ൽ നോർത്ത് മാസിഡോണിയയോടും തോറ്റ ഇറ്റലിക്ക് ഇത്തവണ ബോസ്നിയയും കടുത്ത വെല്ലുവിളിയായി മാറുകയായിരുന്നു. 2014-ന് ശേഷം ആദ്യമായി ലോകകപ്പ് പ്രവേശനം നേടുന്ന ബോസ്നിയ, ഇത്തവണ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ കാനഡ, സ്വിറ്റ്സർലാൻഡ്, ഖത്തർ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് മത്സരിക്കുന്നത്. ഇറ്റലിയുടെ ഈ വീഴ്ച ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായി വിലയിരുത്തപ്പെടുന്നു.
The post ഇറ്റലിക്ക് വീണ്ടും കണ്ണീർമടക്കം; ബോസ്നിയയോട് തോറ്റ് തുടർച്ചയായ മൂന്നാം വട്ടവും ലോകകപ്പിന് പുറത്ത് appeared first on Express Kerala.




