
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകനും ലഖ്നൗ സൂപ്പർ ജയന്റ്സ് താരവുമായ അർജുൻ ടെൻഡുൽക്കർ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകൾ ശ്രദ്ധേയമാകുന്നു. ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിന് മുന്നോടിയായി പങ്കെടുത്ത ഒരു പോഡ്കാസ്റ്റിലാണ് തനിക്ക് ക്രിക്കറ്റ് ലോകത്ത് സുഹൃത്തുക്കളില്ലെന്ന യാഥാർത്ഥ്യം താരം തുറന്നുപറഞ്ഞത്.
ക്രിക്കറ്റ് മൈതാനത്തിന് പുറത്ത് താൻ തികച്ചും വ്യത്യസ്തനായ വ്യക്തിയാണെന്ന് അർജുൻ പറയുന്നു. “ക്രിക്കറ്റിൽ എനിക്ക് സുഹൃത്തുക്കളില്ല. ഗോവയിലെ വീട്ടിലുള്ള അഞ്ച് നായ്ക്കളാണ് എന്റെ ലോകം. അവരോടൊപ്പം സമയം ചെലവഴിക്കുമ്പോഴാണ് ഞാൻ ഏറ്റവും കൂടുതൽ ശാന്തനാകുന്നത്,” താരം വെളിപ്പെടുത്തി. തന്റെ സുഹൃത്തുക്കളിൽ ഭൂരിഭാഗവും ക്രിക്കറ്റിന് പുറത്തുള്ളവരാണെന്നും അവർക്ക് കളിയെക്കുറിച്ച് വലിയ ധാരണയില്ലാത്തതിനാൽ ക്രിക്കറ്റ് കാര്യങ്ങൾ ചർച്ച ചെയ്യാറില്ലെന്നും അർജുൻ കൂട്ടിച്ചേർത്തു.
Also Read:എറിഞ്ഞിട്ടും തീരാതെ ഓവർ; ഐപിഎല്ലിൽ നാണക്കേടിന്റെ റെക്കോർഡുമായി അർഷ്ദീപ് സിങ്!
സച്ചിന്റെ മകൻ എന്ന നിലയിലുള്ള അമിത പ്രതീക്ഷകളും സോഷ്യൽ മീഡിയയിലെ പരിഹാസങ്ങളും തന്നെ ബാധിക്കാറില്ലെന്ന് അർജുൻ വ്യക്തമാക്കി. വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്നും തന്റെ കളിയിൽ മാത്രമാണ് ശ്രദ്ധയെന്നും താരം പറഞ്ഞു.
ലഖ്നൗവിൽ പുതിയ തുടക്കം
മുംബൈ ഇന്ത്യൻസിൽ ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട് തുടങ്ങിയ വമ്പൻ താരങ്ങളുടെ സാന്നിധ്യം കാരണം അർജുന് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ ഈ സീസണിൽ ലഖ്നൗ സൂപ്പർ ജയന്റ്സിലേക്ക് മാറിയതോടെ മുഹമ്മദ് ഷമി, മായങ്ക് യാദവ് എന്നിവർക്കൊപ്പം കളിക്കാൻ താരത്തിന് അവസരം ലഭിക്കും. പുതിയ ടീമിൽ കൂടുതൽ മത്സരങ്ങൾ കളിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അർജുൻ ടെൻഡുൽക്കർ.
The post കൂട്ട് അഞ്ച് നായ്ക്കൾ, ക്രിക്കറ്റിൽ സുഹൃത്തുക്കളില്ല; മനസ്സ് തുറന്ന് അർജുൻ ടെൻഡുൽക്കർ! appeared first on Express Kerala.




