
പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം നിലനിൽക്കെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ ഇന്ത്യക്ക് ഉറപ്പുനൽകി ഇറാൻ എംബസി. “ഞങ്ങളുടെ ഇന്ത്യൻ സുഹൃത്തുക്കൾ സുരക്ഷിതമായ കൈകളിലാണ്, ആശങ്കപ്പെടേണ്ടതില്ല” എന്ന് ഇന്ത്യയിലെ ഇറാൻ എംബസി എക്സിലൂടെ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന്റെ ഭാവി ഇറാനും ഒമാനും ചേർന്ന് തീരുമാനിക്കുമെന്ന് വ്യക്തമാക്കിയ ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസിയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു ഈ പ്രതികരണം.
ലോകത്തെ ആകെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്ക, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഇറാൻ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾക്ക് ഈ പാതയിലൂടെ കടന്നുപോകാൻ അനുമതി നൽകുന്നുണ്ട്. പ്രതിദിനം 130-ഓളം കപ്പലുകൾ സഞ്ചരിച്ചിരുന്ന ഈ പാതയിലൂടെ ഇപ്പോൾ വെറും 3-4 കപ്പലുകൾ മാത്രമാണ് കടന്നുപോകുന്നത് എന്നതും സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നു.
ഇന്ത്യയിൽ ഇന്ധനക്ഷാമം ഉണ്ടാകില്ലെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകൾക്ക് നാവികസേന സുരക്ഷയൊരുക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംഘർഷഭരിതമായ ഈ സാഹചര്യത്തിലും ഇന്ത്യക്ക് ലഭിക്കുന്ന പ്രത്യേക പരിഗണന ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ കരുത്തായാണ് അന്താരാഷ്ട്ര തലത്തിൽ വിലയിരുത്തപ്പെടുന്നത്. ഇറാൻ നൽകിയ ഈ ഉറപ്പ് ഇന്ത്യയുടെ സാമ്പത്തിക-ഊർജ്ജ മേഖലകൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്.
The post ‘ഇന്ത്യൻ സുഹൃത്തുക്കൾ സുരക്ഷിത കരങ്ങളിൽ’! ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിൽ ഇന്ത്യക്ക് ഉറപ്പുനൽകി ഇറാൻ appeared first on Express Kerala.




