
കൊല്ലം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. ശരിയായ രാഷ്ട്രീയ നിലപാടില്ലാത്ത നേതാവാണ് രാഹുൽ ഗാന്ധിയെന്ന് അദ്ദേഹം ആരോപിച്ചു. കുന്നത്തൂർ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം കൂടി ഉൾപ്പെടുന്ന ഇന്ത്യ സഖ്യത്തിന്റെ പിന്തുണയുള്ളതിനാലാണ് രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രതിപക്ഷ നേതാവായി ഇരിക്കുന്നത്. ഈ യാഥാർത്ഥ്യം മറന്നുകൊണ്ടാണ് കേരളത്തിലെത്തി ഇടതുപക്ഷ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം വിമർശിക്കുന്നതെന്നും എ. വിജയരാഘവൻ പറഞ്ഞു. 600 രൂപ ക്ഷേമപെൻഷൻ കൃത്യമായി നൽകാത്തവരാണ് ഇപ്പോൾ 3,000 രൂപ നൽകുമെന്ന് പറയുന്നത്. നടപ്പാക്കാനല്ല, മറിച്ച് ജനങ്ങളെ വഞ്ചിക്കാനാണ് കോൺഗ്രസ് വാഗ്ദാനങ്ങൾ നൽകുന്നത്.
പിണറായി വിജയനെ ജയിലിലടയ്ക്കാത്തതിലാണ് രാഹുൽ ഗാന്ധിയുടെ വിഷമം. അരവിന്ദ് കെജ്‌രിവാളിനെ ജയിലിലടച്ചിട്ടും രാഹുലിനും കോൺഗ്രസിനും തൃപ്തിയായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ പല മുൻ മുഖ്യമന്ത്രിമാരും ഇപ്പോൾ ബിജെപിയിലാണ്. ബിജെപിയെപ്പോലെ തന്നെ കോൺഗ്രസിനും കേരളത്തോട് വിരോധമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ വീടുകൾക്ക് മുകളിൽ ബുൾഡോസർ കയറ്റുന്ന നിലപാടാണ്. കേരളത്തിന്റെ വളർച്ചയെ തകർക്കാൻ കോൺഗ്രസും ബിജെപിയും ഒരുപോലെ ശ്രമിക്കുന്നുവെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
The post രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയ നിലപാടില്ല: എ. വിജയരാഘവൻ appeared first on Express Kerala.




