
കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി വേണമെന്ന രാഹുൽ ഗാന്ധിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ സംസ്ഥാന നേതൃത്വം തയ്യാറാകണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. താക്കോൽ സ്ഥാനങ്ങളിലേക്ക് സ്ത്രീകളെ പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ദീപ്തി വ്യക്തമാക്കി.
നിലവിൽ പുരുഷ കേന്ദ്രീകൃതമായ നേതൃത്വമാണ് ഉള്ളതെന്നും സ്ത്രീകൾ വെറും വോട്ട് ബാങ്ക് മാത്രമല്ലെന്നും അവർ ഓർമ്മിപ്പിച്ചു. വനിതാ മുഖ്യമന്ത്രി എന്ന ലക്ഷ്യത്തിലേക്ക് നേതൃത്വം ഗൗരവകരമായ പരിശോധനകൾ നടത്തണം. പുതുപ്പള്ളിയിൽ യുഡിഎഫ് പ്രചാരണത്തിനെത്തിയപ്പോഴാണ് കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാകുന്നത് താൻ സ്വപ്നം കാണാറുണ്ടെന്ന് രാഹുൽ ഗാന്ധി തുറന്നുപറഞ്ഞത്. ഈ നിർദ്ദേശം നടപ്പിലാക്കേണ്ടത് സംസ്ഥാനത്തെ നേതാക്കളാണെന്ന് ദീപ്തി മേരി വർഗീസ് ചൂണ്ടിക്കാട്ടി.
Also Read:ടി പി രാമകൃഷ്ണന് നോട്ടീസ്
താൻ വനിതാ മുഖ്യമന്ത്രിയുടെ കാര്യം പറഞ്ഞപ്പോൾ പുരുഷന്മാർ കാര്യമായി കൈയടിച്ചില്ലെന്നും എന്നാൽ സ്ത്രീകൾ ആവേശത്തോടെയാണ് അത് സ്വീകരിച്ചതെന്നും രാഹുൽ പ്രസംഗത്തിനിടെ നിരീക്ഷിച്ചിരുന്നു. വനിതാ ശാക്തീകരണമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി പുതുപ്പള്ളിയിൽ എത്തിയ അദ്ദേഹം പ്രഖ്യാപിച്ചു. രാഹുൽ ഉയർത്തിയ ഈ ആശയത്തിന് പിന്തുണയുമായാണ് ഇപ്പോൾ കെപിസിസി നേതൃത്വത്തിൽ നിന്ന് തന്നെ ശബ്ദമുയരുന്നത്.
The post സ്ത്രീകൾ വോട്ട് ബാങ്ക് മാത്രമല്ല; കേരളത്തിന് വനിതാ മുഖ്യമന്ത്രി വേണമെന്ന് ദീപ്തി മേരി വർഗീസ് appeared first on Express Kerala.




