പായസത്തിൽ നിന്നും കേക്കിലേക്ക്: ക്രിസ്മസ് മധുരത്തിന്റെ അറിയാക്കഥകൾ

പായസത്തിൽ നിന്നും കേക്കിലേക്ക്: ക്രിസ്മസ് മധുരത്തിന്റെ അറിയാക്കഥകൾ

ക്രിസ്മസ് കേക്ക് എന്നത് കേവലം ഒരു മധുരപലഹാരമല്ല; അത് നൂറ്റാണ്ടുകളുടെ ചരിത്രവും, വിശ്വാസവും, സ്നേഹവും കുഴിച്ചേർത്ത ഒരു സാംസ്കാരിക അടയാളമാണ്. യൂറോപ്പിലെ തണുപ്പുള്ള മധ്യകാലഘട്ടത്തിൽ, ഉണക്കപ്പഴങ്ങളും തേനും വെണ്ണയും ചേർത്തുണ്ടാക്കിയിരുന്ന ഒരു തരം ‘പായസ’ത്തിൽ നിന്നാണ് ഇന്നത്തെ കേക്കിന്റെ ജനനം. പിന്നീട് ബോർമകളുടെ ആവിർഭാവത്തോടെ സ്പൂൺ കൊണ്ട് കഴിച്ചിരുന്ന ഈ വിഭവം, മുറിച്ചു പങ്കിടാവുന്ന ഉറപ്പുള്ള കേക്കായി പരിണമിച്ചു. പണ്ട് ‘പ്ലം’ എന്ന പഴം പ്രധാനമായി ചേർത്തിരുന്നതിനാലാണ് ഇന്നും ഇതിനെ നമ്മൾ ‘പ്ലം കേക്ക്’ എന്ന് വിളിക്കുന്നത്.

കേക്കിന്റെ ചേരുവകളിൽ പോലും അഗാധമായ വിശ്വാസങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. യേശുവിനെയും പന്ത്രണ്ട് ശിഷ്യന്മാരെയും അനുസ്മരിച്ചുകൊണ്ട് 13 ഇനം വിഭവങ്ങൾ കേക്കിൽ ചേർക്കുന്ന പതിവ് പണ്ട് നിലനിന്നിരുന്നു. ചുക്ക്, ഗ്രാമ്പൂ, ജാതിക്ക, പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളാണ് കേക്കിന് ആ പ്രത്യേക രുചി നൽകുന്നത്.

Also Read: മലയാറ്റൂർ അടിവാരത്ത് നക്ഷത്ര ശോഭ: മെഗാ കാർണിവൽ ഡിസംബർ 25 മുതൽ, ആകർഷണമായി 10,025 നക്ഷത്രങ്ങൾ

ചിലയിടങ്ങളിൽ കേക്കിനുള്ളിൽ സ്വർണ്ണനാണയമോ മോതിരമോ ഒളിപ്പിക്കുന്ന രസകരമായ ആചാരവുമുണ്ട്. കേക്ക് മുറിക്കുമ്പോൾ ഈ നാണയം ലഭിക്കുന്ന ഭാഗ്യശാലിയെ മറ്റുള്ളവർ ഉയർത്തിപ്പിടിച്ച് നൃത്തം ചെയ്യുന്നത് ക്രിസ്മസ് രാത്രികളിലെ ആഘോഷക്കാഴ്ചയാണ്. കേക്കിന് മുകളിൽ വൈൻ ഒഴിച്ച് തീ കൊളുത്തുന്നതും, കുടുംബാംഗങ്ങൾ ഒന്നിച്ചുചേർന്ന് അത് ഊതിക്കെടുത്തി കേക്ക് മുറിക്കുന്നതും ഐക്യത്തിന്റെയും പ്രകാശത്തിന്റെയും പ്രതീകമായി കരുതപ്പെടുന്നു.

ക്രിസ്മസ് കേക്കിന്റെ ചരിത്രത്തിൽ കൗതുകകരമായ ഒരു ഏടുണ്ട്. ഇംഗ്ലണ്ടിൽ ഒലിവർ ക്രോംവെല്ലിന്റെ ഭരണകാലത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കും കേക്കിനും നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ജനങ്ങൾ രഹസ്യമായി കേക്കുണ്ടാക്കി ഈ രുചിയെ ഹൃദയത്തോട് ചേർത്തുപിടിച്ചു. പിന്നീട് മിഷണറിമാരുടെ വരവോടെയാണ് കോമൺവെൽത്ത് രാജ്യങ്ങളിൽ കേക്ക് ഒരു ജനപ്രിയ വിഭവമായി മാറിയത്.

Also Read: കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് നാളെ തുടക്കം; മറൈൻ ഡ്രൈവിൽ ഒരുങ്ങുന്നത് ദക്ഷിണേന്ത്യയിലെ വമ്പൻ പുഷ്പോത്സവം

കേരളത്തിന്റെ കപ്പലോട്ട ചരിത്രവും സുഗന്ധവ്യഞ്ജന വ്യാപാരവും കേക്കിന്റെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. തലശ്ശേരി, കൊച്ചി, ആലപ്പുഴ, കൊല്ലം തുടങ്ങിയ തുറമുഖ നഗരങ്ങളിലാണ് കേരളത്തിൽ ബേക്കറി വ്യവസായം പച്ചപിടിച്ചത്. ഇന്ന് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കേക്ക് വകഭേദങ്ങൾ കാണപ്പെടുന്ന ഇടമാണ് കേരളം. യൂറോപ്യൻ ശൈലിയിലുള്ള ജന്മദിനാഘോഷങ്ങൾ മലയാളി ഏറ്റെടുത്തതോടെ ക്രിസ്മസ് കാലം കഴിഞ്ഞും കേക്ക് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി.

തേങ്ങ, കൊക്കോ, കശുമാങ്ങ, മാമ്പഴം എന്നിങ്ങനെ തനി നാടൻ ചേരുവകൾ ചേർത്തുള്ള പരീക്ഷണങ്ങളിലൂടെ കേരളത്തിലെ കേക്ക് ലോകപ്രശസ്തമായി തുടരുന്നു. സ്പൈസ് റൂട്ടിലൂടെ വന്ന ആ പഴയ വിഭവം ഇന്ന് ഓരോ മലയാളി വീടിന്റെയും മധുര സ്മരണയായി മാറിയിരിക്കുന്നു.
The post പായസത്തിൽ നിന്നും കേക്കിലേക്ക്: ക്രിസ്മസ് മധുരത്തിന്റെ അറിയാക്കഥകൾ appeared first on Express Kerala.

Spread the love
See also  10 ലക്ഷത്തിൽ താഴെ! 2026 കിയ സോണെറ്റ് വിപണിയിൽ, എതിരാളികൾ ഞെട്ടും!