
തൃശൂർ: കുന്നംകുളം പഴയ ബസ് സ്റ്റാൻഡിന് മുന്നിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ തകർന്ന ടാങ്കർ ലോറിയുടെ കാബിനുള്ളിൽ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്ന ഡ്രൈവർ മലപ്പുറം മൊറയൂർ സ്വദേശി ഷൗക്കത്തിനെ (53) ഫയർഫോഴ്സ് അതിസാഹസികമായാണ് പുറത്തെത്തിച്ചത്. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാബിൻ വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.
തൃശൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും, തിരുവനന്തപുരത്തേക്ക് പാമോയിൽ കയറ്റാൻ പോവുകയായിരുന്ന ടാങ്കർ ലോറിയുമാണ് പുലർച്ചെ കൂട്ടിയിടിച്ചത്. ബസ്സിന് മുന്നിലുണ്ടായിരുന്ന കാറിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ ബസ് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് എതിരെ വന്ന ടാങ്കറിൽ ഇടിക്കുകയായിരുന്നു.
Also Read: തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രിക്ക് പിന്നാലെ അമിത് ഷാ ഇന്ന് കോഴിക്കോടെത്തും
ബസ് വരുന്നത് കണ്ട് ഷൗക്കത്ത് പെട്ടെന്ന് ബ്രേക്കിടുകയും ഇടതുവശത്തെ സീറ്റിലേക്ക് മറിയുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻവശം പൂർണ്ണമായും തകർന്നെങ്കിലും ഷൗക്കത്ത് സീറ്റിലേക്ക് മറിഞ്ഞതിനാൽ വലിയ ദുരന്തം ഒഴിവായി. കുന്നംകുളം ഫയർഫോഴ്സ് യൂണിറ്റ് എത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഷൗക്കത്തിനെ പുറത്തെടുത്തത്. ഇദ്ദേഹത്തിന്റെ ഇരുകാലുകൾക്കും പരിക്കുണ്ടെങ്കിലും നില ഗുരുതരമല്ല. അപകടത്തെത്തുടർന്ന് മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ നീക്കം ചെയ്തതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
The post കുന്നംകുളത്ത് കെഎസ്ആർടിസിയും ടാങ്കറും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർക്ക് പരിക്ക് appeared first on Express Kerala.




