വോട്ടിനായി ബിജെപിയുടെ കിറ്റ്; തൃശൂരിൽ വ്യാപക ചട്ടലംഘനം, ബിജെപി നേതാവിനെതിരെ കേസെടുത്തു

വോട്ടിനായി ബിജെപിയുടെ കിറ്റ്; തൃശൂരിൽ വ്യാപക ചട്ടലംഘനം, ബിജെപി നേതാവിനെതിരെ കേസെടുത്തു

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിടയിൽ ബിജെപി വോട്ടർമാർക്ക് കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡ് നടത്തിയ റെയ്ഡിൽ 900 രൂപ വിലമതിക്കുന്ന 26 കിറ്റുകൾ പിടിച്ചെടുത്തു. കിറ്റുകൾ ഓർഡർ ചെയ്ത പ്രാദേശിക ബിജെപി നേതാവ് രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് തൃശൂർ വെസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള കർശന വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

Also Read: മാറാട് കലാപത്തിൽ യു.ഡി.എഫ്- ആർ.എസ്.എസ് ‘ഡീൽ’: പി. ജയരാജൻ

ബിജെപി നേതാവ് രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരം നിരവധി സ്ത്രീകൾ കിറ്റുകൾ വാങ്ങാൻ എത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 18 ഇനം സാധനങ്ങൾ അടങ്ങിയ 75 കിറ്റുകളാണ് സൂപ്പർമാർക്കറ്റിന് പിന്നിൽ വിതരണത്തിനായി തയ്യാറാക്കി വച്ചിരുന്നതെന്നും ഇതിൽ 50 എണ്ണം ഇതിനോടകം വിതരണം ചെയ്തതായും കടയുടമ സമ്മതിച്ചു. സംഭവത്തെ തുടർന്ന് തിരഞ്ഞെടുപ്പ് അധികൃതർ സൂപ്പർമാർക്കറ്റ് താൽക്കാലികമായി അടപ്പിച്ചു. സിപിഎം പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് ഇലക്ഷൻ സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

ബിജെപി നഗ്നമായ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് നടത്തുന്നതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ ആരോപിച്ചു. പണവും മദ്യവും കിറ്റും നൽകി ജനവിധി അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും, 2024-ൽ ചെയ്ത രീതികൾ അവർ വീണ്ടും ആവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സൂപ്പർമാർക്കറ്റ് ഉടമകളെ സ്വാധീനിച്ചും കേന്ദ്ര നേതാക്കൾ പെട്ടിയിൽ പണവുമായെത്തിയും തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ നോക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം സംഭവത്തിൽ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടു.

The post വോട്ടിനായി ബിജെപിയുടെ കിറ്റ്; തൃശൂരിൽ വ്യാപക ചട്ടലംഘനം, ബിജെപി നേതാവിനെതിരെ കേസെടുത്തു appeared first on Express Kerala.

Spread the love
Scroll to Top