
ഇറാൻ സൈന്യം വെടിവെച്ചിട്ട അമേരിക്കൻ യുദ്ധവിമാനത്തിലെ പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) തകർത്ത എഫ്-15 ഇ സ്ട്രൈക്ക് ഈഗിൾ ജെറ്റിലെ കാണാതായ പൈലറ്റിനെയാണ് അമേരിക്കൻ സൈന്യം കണ്ടെത്തിയത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്. ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാപ്രവർത്തനമാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി അമേരിക്കൻ സൈന്യം നടത്തിയതെന്നും പൈലറ്റ് സുരക്ഷിതനും ആരോഗ്യവാനുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ട് അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടത്. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റുമാർ പാരച്യൂട്ട് വഴി പുറത്തേക്ക് ചാടിയിരുന്നു. ഇതിൽ ഒരാളെ നേരത്തെ തന്നെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെ പൈലറ്റിനായി ഇരുരാജ്യങ്ങളും തിരച്ചിൽ ഊർജിതമാക്കിയിരുന്നു. പൈലറ്റിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഇറാൻ സർക്കാർ വൻ തുക പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ ഈ നിർണ്ണായക നീക്കം. ശത്രുക്കളുടെ നിരീക്ഷണ വലയത്തിലായിരുന്ന പൈലറ്റിനെ 24 മണിക്കൂറോളം പിന്തുടർന്ന ശേഷമാണ് സൈന്യം അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
Also Read:ഇസ്ഫഹാനിൽ ഇറാന്റെ ശക്തിപ്രകടനം; അമേരിക്ക രക്ഷാപ്രവർത്തനത്തിനിടെ വിമാനം നശിപ്പിച്ചതായി അവകാശവാദം
രക്ഷപ്പെടുത്തിയ പൈലറ്റിന്റെ ദൃശ്യങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, “ഞങ്ങൾക്ക് അദ്ദേഹത്തെ തിരികെ ലഭിച്ചു, എല്ലാവർക്കും ഹാപ്പി ഈസ്റ്റർ” എന്നാണ് ട്രംപ് കുറിച്ചത്. പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ അമേരിക്ക നടത്തിയ ഈ സൈനിക നീക്കം വലിയ പ്രാധാന്യത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. ഇറാനിലെ ഉന്നത സൈനിക നേതാക്കളെ വധിച്ചതിന്റെ ദൃശ്യങ്ങൾ ട്രംപ് പുറത്തുവിട്ടതിന് പിന്നാലെയാണ് പൈലറ്റിന്റെ മോചനവാർത്തയും പുറത്തുവരുന്നത്.
The post ‘അദ്ദേഹത്തെ ഞങ്ങൾക്ക് തിരികെ ലഭിച്ചു’; കാണാതായ അമേരിക്കൻ പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തിയെന്ന് ട്രംപ് appeared first on Express Kerala.




