
മന്ത്രിയാകാൻ ഒരവസരം ലഭിച്ചാൽ താൻ തിരഞ്ഞെടുക്കുന്ന വകുപ്പ് ഏതാണെന്ന് വെളിപ്പെടുത്തി തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ. ആഭ്യന്തരമോ പൊതുഭരണമോ പോലുള്ള പവർഫുൾ വകുപ്പുകൾക്ക് പകരം ‘വിദ്യാഭ്യാസ വകുപ്പ്’ കൈകാര്യം ചെയ്യാനാണ് തനിക്ക് താൽപ്പര്യമെന്ന് മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ഒരു നാടിനെ അടിമുടി മാറ്റാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട വകുപ്പാണ് വിദ്യാഭ്യാസമെന്നും എന്നാൽ നിലവിലെ രീതികൾ കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം കുട്ടികളിൽ പഴയ ആശയങ്ങൾ കുത്തിവെക്കുകയാണെന്നും ഭാവിയിൽ എങ്ങനെ ജീവിക്കണമെന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു തലമുറയെയാണ് ഇത് സൃഷ്ടിക്കുന്നതെന്നും മാരാർ വിമർശിച്ചു. സ്കൂളിൽ ഒന്നാം റാങ്കോടെ പാസായ വ്യക്തിയാണ് താനെന്നും എന്നാൽ അന്ന് പഠിച്ച കാര്യങ്ങളൊന്നും ഇന്നത്തെ കാലത്ത് തനിക്ക് പ്രയോജനപ്പെടുന്നില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു. 2000-2003 കാലഘട്ടത്തിൽ പഠിക്കുമ്പോൾ ഇന്നത്തെ ഡിജിറ്റൽ ലോകത്തെ വരുമാന മാർഗങ്ങളെക്കുറിച്ചോ മാറ്റങ്ങളെക്കുറിച്ചോ ആരും പഠിപ്പിച്ചു തന്നിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഓരോ കുട്ടിയുടെയും സർഗ്ഗാത്മകത തിരിച്ചറിഞ്ഞ് അവരെ വളർത്തുന്ന രീതിയിലേക്ക് വിദ്യാഭ്യാസം മാറണമെന്നാണ് അഖിൽ മാരാരുടെ പക്ഷം. ഇതിനെ ലളിതമായ ഒരു ഉദാഹരണത്തിലൂടെ അദ്ദേഹം വിശദീകരിച്ചു. സംഗീതത്തിൽ കഴിവുള്ള യേശുദാസിനെ ഡോക്ടറാക്കിയാൽ അയാൾ ഓപ്പറേഷൻ ചെയ്ത് ആളെ കൊല്ലുമെന്നും, ക്രിക്കറ്റിൽ തിളങ്ങേണ്ട സച്ചിനെ എൻജിനീയറാക്കിയാൽ അദ്ദേഹം പണിയുന്ന കെട്ടിടം പൊളിഞ്ഞുവീഴുമെന്നും മാരാർ പറഞ്ഞു. യേശുദാസിനെ പാട്ടുകാരനായും സച്ചിനെ ബാറ്റ്സ്മാനായും വളർത്തുന്നതാകണം യഥാർത്ഥ വിദ്യാഭ്യാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികളുടെ ഇത്തരം കഴിവുകൾ തിരിച്ചറിയാൻ അധ്യാപകർക്ക് സാധിക്കണം. അതിനായി കൃത്യമായ ഒരു സിസ്റ്റം അധ്യാപകരിലേക്ക് എത്തിക്കേണ്ടതുണ്ട്. 15 വർഷം കഴിഞ്ഞ് വരാനിരിക്കുന്ന മാറ്റങ്ങൾ മുൻകൂട്ടി കണ്ട് കുട്ടികളെ ജീവിതത്തിന് പ്രാപ്തരാക്കുന്ന ഒരു വിദ്യാഭ്യാസ രീതി ഉണ്ടെങ്കിൽ മാത്രമേ മികച്ചൊരു ഭാവി രൂപപ്പെടുത്തിയെടുക്കാൻ കഴിയൂ എന്നും അഖിൽ മാരാർ അഭിമുഖത്തിൽ വ്യക്തമാക്കി.
The post മന്ത്രിയായാൽ എനിക്ക് വേണ്ടത് ആഭ്യന്തരമല്ല, വിദ്യാഭ്യാസ വകുപ്പ്; അഖിൽ മാരാർ appeared first on Express Kerala.




