
തിരുവനന്തപുരം സ്വദേശിയായ കൃഷ്ണലാൽ വിടവാങ്ങുമ്പോഴും ആറുപേരിലൂടെ ജീവിതത്തിലേക്ക് മടങ്ങുകയാണ്. മുപ്പത്തിമൂന്നുകാരനായ യുവാവിന്റെ മസ്തിഷ്കമരണത്തെത്തുടർന്ന് ഹൃദയം, കരൾ, രണ്ട് വൃക്കകൾ, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്തതിലൂടെ ആറ് വ്യക്തികൾക്കാണ് പുതുജീവൻ ലഭിക്കുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. വെൽഡിംഗ് തൊഴിലാളിയായ കൃഷ്ണലാൽ സഞ്ചരിച്ച സൈക്കിളിൽ അമിതവേഗതയിലെത്തിയ കാർ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഏപ്രിൽ ഒന്നിന് അച്ഛന് ഭക്ഷണം വാങ്ങാൻ പോകുന്നതിനിടെയുണ്ടായ ദാരുണമായ അപകടം ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ് തകർത്തത്.
അപകടമുണ്ടാക്കിയ കാർ ഡ്രൈവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ഡ്രൈവർ മദ്യപിച്ചിരുന്നതായും കാറിനുള്ളിൽ നിന്ന് മദ്യക്കുപ്പികളും ഗ്ലാസും കണ്ടെത്തിയതായും കൃഷ്ണലാലിന്റെ സുഹൃത്തുക്കൾ ആരോപിക്കുന്നു. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സുഹൃത്ത് വെളിപ്പെടുത്തി. എതിരെ വന്ന കാർ അമിതവേഗതയിൽ സൈക്കിളിൽ ഇടിക്കുകയായിരുന്നുവെന്നും ഡ്രൈവറുടെ അശ്രദ്ധയാണ് സുഹൃത്തിന്റെ ജീവൻ കവർന്നതെന്നും അദ്ദേഹം വേദനയോടെ പങ്കുവെച്ചു.
Also Read:ട്രക്കിങ്ങിനിടെ വഴിതെറ്റി, പിന്നാലെ ഫോൺ ഓഫായി; നാദാപുരം സ്വദേശിനി ശരണ്യയ്ക്കായി കുടകിൽ തിരച്ചിൽ
അവയവങ്ങൾ ദാനം ചെയ്യുന്നതിലൂടെ വലിയൊരു മാതൃകയാണ് കൃഷ്ണലാലിന്റെ കുടുംബം കാട്ടുന്നത്. കൃഷ്ണലാലിന്റെ ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കാണ് എത്തിക്കുന്നത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിനും മറ്റൊരു വൃക്കയും കരളും കിംസ് ആശുപത്രിയിലെ രോഗികൾക്കുമാണ് നൽകുക. കാഴ്ചയില്ലാത്തവർക്ക് വെളിച്ചമേകാൻ കൃഷ്ണലാലിന്റെ നേത്രപടലങ്ങൾ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിക്ക് കൈമാറി.
The post അമിതവേഗത! കൃഷ്ണലാലിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ ഡ്രൈവർക്കെതിരെ ഗുരുതര ആരോപണം appeared first on Express Kerala.




