
സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾക്ക് ആശ്വാസമായി ദൂരപരിധി നിബന്ധനയില്ലാതെ ദീർഘദൂര പെർമിറ്റുകൾ മോട്ടോർ വാഹന വകുപ്പ് പുതുക്കി നൽകിത്തുടങ്ങി. കൊല്ലം-കുമളി, എറണാകുളം-കുമളി, കോട്ടയം-കുമളി, കോഴിക്കോട്-എറണാകുളം തുടങ്ങിയ പ്രധാന റൂട്ടുകളിലെ പെർമിറ്റുകളാണ് ഇപ്പോൾ പുതുക്കിയത്. 140 കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ള റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാരിന്റെ ‘മോട്ടോർ വെഹിക്കിൾ സ്‌കീം’ ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്നാണ് ഈ നടപടി.
സർക്കാർ നിബന്ധന നിയമവിരുദ്ധമാണെന്ന് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതോടെ പെർമിറ്റുകൾ പുതുക്കുന്നത് മാസങ്ങളോളം വൈകുകയായിരുന്നു. ഇതിനിടെ വിധി നടപ്പാക്കാത്തതിൽ മലപ്പുറം, ഇടുക്കി ആർ.ടി.ഒമാർക്കെതിരെ കോടതി കോടതിയലക്ഷ്യ നടപടികളും സ്വീകരിച്ചിരുന്നു. നിയമതടസ്സങ്ങൾ നീങ്ങിയതോടെ ദീർഘദൂര സർവീസ് നടത്തുന്ന 241-ഓളം സ്വകാര്യ ബസുകൾക്ക് വൈകാതെ തന്നെ പെർമിറ്റുകൾ ലഭ്യമാകുമെന്നാണ് സൂചന. പുതിയ പെർമിറ്റുകൾ അനുവദിക്കാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
The post സ്വകാര്യ ബസുകൾക്ക് ആശ്വാസം; ദൂരപരിധിയില്ലാതെ ദീർഘദൂര പെർമിറ്റുകൾ പുതുക്കി നൽകിത്തുടങ്ങി appeared first on Express Kerala.




