കുഴിബോംബുകളുടെ അന്തകൻ; ലോകപ്രശസ്തനായ മഗാവ ഇനി കല്ലിൽ കൊത്തിയ സ്മരണ

കുഴിബോംബുകളുടെ അന്തകൻ; ലോകപ്രശസ്തനായ മഗാവ ഇനി കല്ലിൽ കൊത്തിയ സ്മരണ

കംബോഡിയൻ മണ്ണിലെ അദൃശ്യ മരണക്കെണികളായ കുഴിബോംബുകൾ കണ്ടെത്തുന്നതിൽ വിസ്മയകരമായ സേവനം കാഴ്ചവെച്ച ‘മഗാവ’ എന്ന എലിക്ക് സ്മാരകമൊരുക്കി കംബോഡിയ. ലോകപ്രശസ്തനായ ഈ കുഴിബോംബ് വേട്ടക്കാരന്റെ സ്മരണയ്ക്കായി സിയം റീപ്പിൽ നിർമിച്ച കല്ലിൽ കൊത്തിയ പ്രതിമ, അന്താരാഷ്ട്ര ലാൻഡ്‌മൈൻ ബോധവൽക്കരണ ദിനമായ ഏപ്രിൽ നാലിന് അനാവരണം ചെയ്തു. കുഴിബോംബുകൾ കണ്ടെത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഒരു എലിയ്ക്കായി ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സ്മാരകം ഉയരുന്നത്.

പതിറ്റാണ്ടുകൾ നീണ്ട ആഭ്യന്തര യുദ്ധങ്ങളുടെ ദുരന്തസ്മാരകങ്ങളായി കംബോഡിയൻ മണ്ണിൽ അവശേഷിച്ച സ്‌ഫോടകവസ്തുക്കൾ നീക്കം ചെയ്യാനാണ് മഗാവ എത്തിയത്. ആഫ്രിക്കൻ ജയന്റ് പൗച്ച്ഡ് ഇനത്തിൽപ്പെട്ട മഗാവയെ ബെൽജിയൻ സന്നദ്ധ സംഘടനയായ ‘അപ്പോപോ’യാണ് പരിശീലനം നൽകി കംബോഡിയയിലെത്തിച്ചത്. ടാൻസാനിയയിൽ വെച്ച് സ്‌ഫോടകവസ്തുക്കളിലെ രാസഘടകങ്ങൾ തിരിച്ചറിയാൻ പ്രത്യേക പരിശീലനം സിദ്ധിച്ച മഗാവ, 2016 മുതൽ അഞ്ച് വർഷക്കാലം നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ നൂറിലധികം ലാൻഡ്‌മൈനുകളും മറ്റ് സ്ഫോടകവസ്തുക്കളുമാണ് കണ്ടെടുത്തത്.

Also Read: പ്രകൃതിയുടെ കലണ്ടർ തെറ്റുന്നു; 80 വർഷത്തെ റെക്കോർഡ് തകർത്ത് വസന്തം ഇക്കുറി നേരത്തെ എത്തിയപ്പോൾ ആശങ്കയിൽ ശാസ്ത്രലോകം

മനുഷ്യർക്ക് മണിക്കൂറുകൾ വേണ്ടിവരുന്ന പരിശോധനകൾ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാനുള്ള അസാമാന്യ വേഗത മഗാവയ്ക്കുണ്ടായിരുന്നു. ഒരു ടെന്നീസ് കോർട്ടിന്റെ വലുപ്പമുള്ള പ്രദേശം വെറും 20 മിനിറ്റിനുള്ളിൽ മഗാവ പരിശോധിച്ചു തീർക്കുമായിരുന്നു. ഭാരം കുറവായതിനാൽ കുഴിബോംബുകൾക്ക് മുകളിലൂടെ നടന്നാലും അവ പൊട്ടിത്തെറിക്കില്ലെന്നത് ഇത്തരം എലികളെ ഈ ദൗത്യത്തിന് ഏറെ അനുയോജ്യരാക്കുന്നു. ലോഹങ്ങളെയല്ല, മറിച്ച് സ്ഫോടകവസ്തുക്കളിലെ രാസവസ്തുക്കളെയാണ് ഇവ മണത്തുപിടിക്കുന്നത്.

അതുല്യമായ സേവനത്തിന് 2020-ൽ മൃഗങ്ങളുടെ ജോർജ് ക്രോസ് എന്നറിയപ്പെടുന്ന ‘പി.ഡി.എസ്.എ ഗോൾഡ് മെഡൽ’ നേടി മഗാവ ചരിത്രം കുറിച്ചിരുന്നു. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ എലിയും മഗാവയാണ്. 2030-ഓടെ രാജ്യം പൂർണമായും ലാൻഡ്‌മൈൻ വിമുക്തമാക്കാനുള്ള കംബോഡിയൻ സർക്കാരിന്റെ ലക്ഷ്യങ്ങൾക്ക് മഗാവ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. നിലവിൽ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിന് പുറമെ, ക്ഷയരോഗ നിർണ്ണയത്തിനും വന്യജീവി വേട്ട തടയാനും ഇത്തരം എലികളെ ആഫ്രിക്കൻ രാജ്യങ്ങളിൽ ഉപയോഗിച്ചു വരുന്നുണ്ട്.

The post കുഴിബോംബുകളുടെ അന്തകൻ; ലോകപ്രശസ്തനായ മഗാവ ഇനി കല്ലിൽ കൊത്തിയ സ്മരണ appeared first on Express Kerala.

Spread the love
Scroll to Top